കാരുണ്യത്തിനും കരുതലിനും അംഗീകാരം; യുഎഇ ലേബർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളി വനിതക്ക്; 17 ലക്ഷം രൂപയും മറ്റ് കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും
യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. ഔട്ട്സ്റ്റാന്ഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ എന്ന മലയാളിയെ തേടിയാണ് ഇക്കുറി സമ്മാനമെത്തിയത്.പതിമൂന്നു വർഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കൂട്ടിരിപ്പിനുപോലും ആരുമില്ലാതെ എത്തുന്ന രോഗികളെ സ്വന്തം കുടുംബാംഗത്തെ പോലെ പരിചരിച്ചതിനുള്ള അംഗീകാരമാണ് മായ ശശീന്ദ്രനെ തേടിയെത്തിയത്. ഇതു യുഎഇയിലെ മലയാളികൾക്കും ഇന്ത്യക്കാർക്കും അഭിമാന നിമിഷം കൂടിയാണ്. നഴ്സിങ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ച ഏക മലയാളിയാണ് മായ.ആരോഗ്യസേവന മികവിന് നഴ്സുമാർ വഹിച്ച പങ്കും ടീമിനെ നയിക്കുന്നതിലുള്ള മികവുമാണ് മായയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പ്രവാസ ലോകത്ത് രോഗികൾക്ക് ആരോഗ്യ, മാനസിക പിന്തുണ നൽകുന്നതിൽ നഴ്സുമാരുടെ സംഭാവന വിലപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ മായയുടെ സേവനം മാതൃകാപരമാണെന്നും അവാർഡ് സമിതി വിലയിരുത്തി. സ്നേഹപരിചരണം രോഗശാന്തിയിൽ പ്രധാന ഘടകമാണെന്ന് പറയുന്ന മായ, ഡ്യൂട്ടി സമയം നോക്കാതെയാണ് സേവനം ചെയ്തത്. ഒപ്പം നഴ്സിങ് സൂപ്പർവൈസർ എന്ന നിലയിൽ ലഭ്യമായ അറിവ് പുതുതലമുറയ്ക്ക് പകർന്നു. വായിച്ചും വാർത്ത കേട്ടും വിജ്ഞാനം വിപുലമാക്കുന്നതിലും സാമൂഹിക സേവനത്തിലും പുതുതലമുറയക്ക് പ്രചോദനമാണ് മായ.പത്തനംതിട്ട മായാവിലാസത്തിൽ ശശീന്ദ്രൻെയും ലീലയുടെയും മകളാണ് മായ. ഭർത്താവ് കോട്ടയം സ്വദേശി അജി നൈനാനും മകൻ ആരോണും (അഞ്ചാം ക്ലാസ് വിദ്യാർഥി, ഭവൻസ് പത്തനംതിട്ട) നാട്ടിലാണ്. കുടുംബത്തിന്റെയും മാനേജ്മെന്റിന്റെയും പിന്തുണയാണ് മികച്ച സേവനം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും മായ പറഞ്ഞു.17 ലക്ഷം രൂപ അവാർഡിനൊപ്പം സ്വർണ നാണയവും ആരോഗ്യ ഇൻഷൂറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും ലഭിച്ചു. ആരോഗ്യമേഖലയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മായയ്ക്ക് നേരത്തെ ബുർജീൽ ഗ്രൂപ്പിനു കീഴിൽ ബെസ്റ്റ് നഴ്സ്, ബെസ്റ്റ് പെർഫോർമർ, ജെം ഓഫ് ദ് ക്വാർട്ടർ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മലയാളി സമാജം ആദരിച്ച മികച്ച 10 നഴ്സുമാരിലും മായ ഇടംപിടിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)