ആൾമാറാട്ടം നടത്തി മലയാളിയുടെ ചതി; പ്രവാസി മലയാളി പെരുവഴിയിൽ, യുഎഇയിൽ സ്വന്തം പേരിൽ കുടിശ്ശികമാത്രം
മലയാളി ചതിയിൽ വീഴ്ത്തിയ കണ്ണൂർ തലശ്ശേരി സ്വദേശി ശരത്കുമാർ അബുദാബിയിൽ ഒന്നര വർഷമായി ദുരിതത്തിൽ. മേസണായി (പടവുകാരൻ) ജോലിക്കെത്തിയ ശരത്കുമാറിന്റെ അജ്ഞത ചൂഷണം ചെയ്ത് അയാളുടെ പേരിൽ ഒരു ഫ്ലാറ്റ്, ജലവൈദ്യുതി കണക്ഷൻ, 2 ക്രെഡിറ്റ് കാർഡുകൾ, 2 സിം കാർഡുകൾ എന്നിവ എടുത്ത് ഭീമമായ കുടിശിക വരുത്തിയ ശേഷമാണ് വീസ റദ്ദാക്കി പെരുവഴിയിലാക്കിയത്.താമസ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചതോടെ കെട്ടിടത്തിന്റെ ഗോവണിക്കു താഴെയാണ് അന്തിയുറങ്ങുന്നത്. പരിചയക്കാർ ആരെങ്കിലും വല്ലപ്പോഴും നൽകുന്ന ഭക്ഷണം കഴിച്ചാണ് ശരത്കുമാർ ജീവൻ നിലനിർത്തുന്നത്. താനൂർ സ്വദേശിയായ അജ്മലാണ് വഞ്ചിച്ചതെന്ന് ശരത് പറയുന്നു. കഴിഞ്ഞവർഷം ജൂൺ 2ന് 3000 ദിർഹം ശമ്പളത്തിന് സ്വകാര്യ മെയ്ന്റനൻസ് കമ്പനിയിൽ ജോലിക്കു കയറിയ ശരത്കുമാറിന് ശമ്പളമായി മാസം തോറും നൽകിയത് അഞ്ഞൂറോ അറുനൂറോ ദിർഹം മാത്രം. വാടകയുടെ പേരിൽ ഇതിൽനിന്ന് എല്ലാ മാസവും 300 ദിർഹം തിരിച്ചുവാങ്ങും. ശമ്പളത്തിലെ ബാക്കി തുക ചോദിച്ചപ്പോൾ ഡിസംബർ വരെ വീസ ചെലവിലേക്ക് പിടിച്ചെന്നായിരുന്നു അജ്മലിന്റെ വിശദീകരണം.വീസ നടപടികൾക്കാണെന്ന് പറഞ്ഞ് 3 വെള്ള പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായും ശരത് പറയുന്നു. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രേഖകൾ ശരിയാക്കാനാണെന്നാണ് പറഞ്ഞത്. പിന്നീട് ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന് പറഞ്ഞ് ഫോണിൽ ഫോട്ടോ എടുക്കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്തു. ഇതു യുഎഇ പാസിനാണെന്ന് അറിഞ്ഞില്ലെന്ന് ശരത്കുമാർ പറയുന്നു. വീസയ്ക്ക് പണം വാങ്ങിയിട്ടില്ലെന്ന് കമ്പനി പ്രതിനിധി അജ്മൽ. ഫ്ലാറ്റും ക്രെഡിറ്റ് കാർഡും സിം കാർഡും എടുത്തതും യുഎഇ പാസ് ഡൗൺലോഡ് ചെയ്തതും ശരത് തന്നെയാണെന്നാണ് അജ്മലിന്റെ വിശദീകരണം. ശമ്പളം കമ്പനി ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയത്. അതിന് തെളിവുണ്ട്. കൃത്യമായി ജോലിക്ക് വരാത്തതും റൂമിൽ കിടന്നുറങ്ങുന്നതും കാരണമാണ് വീസ റദ്ദാക്കിയത് എന്നുമാണ് അജ്മൽ പറയുന്നത്..
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)