Posted By sneha Posted On

യുഎഇയിൽ 14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം

പ്രധാനപ്പെട്ട 14 തൊഴിലിടങ്ങളിൽ നിർബന്ധ സ്വദേശിവൽക്കരണം നടപ്പാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കണ മെന്നാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിയമനം ഡിസംബർ 31 നകം നടപ്പാക്കിയില്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്നും മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.

ഐടി, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം യുഎഇ കർശനമാക്കിയത്. എന്നാൽ, 20ൽ താഴെ തൊഴിലാളികളുള്ള കമ്പനികൾക്കു ഈ നിയമം ബാധകമല്ല.

വേഗത്തിൽ വളരുന്ന, അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെയാണ് സ്വദേശിവൽക്കരണ നിയമന പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വദേശി ജീവനക്കാരുടെ വിശദാംശങ്ങൾ രാജ്യത്തെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യണമെന്നും നിയമനം ലഭിച്ചവരുടെ വേതനം ഡബ്ല്യുപിഎസ് വഴി വിതരണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

ഈ വർഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികൾക്ക് മന്ത്രാലയം ജനുവരിയിൽ 96,000 ദിർഹം സാമ്പത്തികബാധ്യത ചുമത്തും. അടുത്തവർഷവും നിയമനം പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ മന്ത്രാലയത്തിൽ അടയ്ക്കേണ്ടത് 1.08 ലക്ഷം ദിർഹമായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *