Posted By sneha Posted On

പുരുഷ ആത്മഹത്യകളിൽ പകുതിയിലേറെയും പങ്കാളി ഉയർത്തുന്ന സമ്മർദം കാരണം; പഠനം പറയുന്നത് ഇങ്ങനെ

ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ പകുതിയിലേറെ പേരും ജീവനൊടുക്കുന്നത് കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ഇന്ത്യൻ സമൂഹത്തിലെ ‘അറേഞ്ച്ഡ് മാര്യേജ്’ സംവിധാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ ഉയരുന്ന അഭിപ്രായ ഭിന്നതകളും വലിയ വഴക്കുകളിലേക്കും മാനസികനില തെറ്റുന്നതിലേക്കും നയിക്കുന്നതായാണ് ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ. നവംബർ 19ന് അന്താരാഷ്ട്ര പുരുഷദിനം ആചരിക്കുന്ന വേളയിലാണ് റിപ്പോർട്ട് പുറത്തുവന്നത്.വിവാഹിതരാകുന്ന വധൂവരന്മാർ തുടക്കത്തിൽ വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു. എന്നാൽ രണ്ട് വർഷം പിന്നിടുന്നതോടെ പങ്കാളികൾക്കിടയിൽ ഭിന്നതകൾ രൂപപ്പെട്ടു തുടങ്ങും. ചെറിയ വിഷയങ്ങളിൽനിന്ന് വലിയ വഴക്കിലേക്ക് നയിക്കുന്ന വാഗ്വാദങ്ങൾ ഭാര്യയിൽനിന്ന് ആരംഭിക്കും. തുടർച്ചയായുണ്ടാകുന്ന വഴക്കുകളിൽ പരിഹാരം കാണാനും പിണക്കം മാറ്റാനും ഭർത്താവാകും മിക്കപ്പോഴും മുൻകൈയെടുക്കുക. ഭർതൃവീട്ടിലെ മറ്റംഗങ്ങളുമായി ചേർന്നുപോകാനും മിക്കപ്പോഴും ഭാര്യക്ക് കഴിയാറില്ല. ഇത് പങ്കാളികൾ വേറെ വീട്ടിലേക്ക് മാറുന്നതിലേക്ക് നയിക്കുന്നു.ഭാര്യയും അമ്മയും തമ്മിലുള്ള പ്രശ്നം തീർക്കാൻ തന്നെ ഭർത്താവിന് പലപ്പോഴും പണിപ്പെടേണ്ടിവരുന്നു. ഇതുമൂലം മാനസിക സമ്മർദവും ഏറും. ഭാര്യവീട്ടുകാരുടെ ഇടപെടലുകൾ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാക്കും. സ്വന്തം വീട്ടിൽനിന്ന് മാറിനിൽക്കുന്നതോടെ കുടുംബത്തിന്‍റെ പിന്തുണയും ഭർത്താവിന് നഷ്ടമാകും. മാനസിക സമ്മർദമേറുന്നതോടെ പുരുഷന്മാർ ജീവനൊടുക്കാനുള്ള തീരുമാനത്തിൽ എത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് വർധിക്കുകയാണെന്നും 51 ശതമാനം ആത്മഹത്യയുടെയും കാരണം കുടുംബ പ്രശ്നങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 മുതൽ 2022 വരെ രാജ്യത്ത് 83,713 പുരുഷന്മാരാണ് ജീവനൊടുക്കിയതെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണക്കുകളിൽ പറയുന്നു. മൂന്ന് വർഷത്തിനിടെ 14,898 കേസുകളുടെ വർധനയുണ്ടായി. എന്നാൽ വിവാഹിതരായ സ്ത്രീകളുടെ ആത്മഹത്യ നിരക്ക് 15 വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. 28,000ത്തോളം സ്ത്രീകളാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *