ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം
അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ചായയോ കാപ്പിയോ പോലുള്ള പാനീയങ്ങൾ അമിതമായ ചൂടോടെ കൂടിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കും. അന്നനാള കാൻസറും ഉയർന്ന ചൂടും തമ്മിലുള്ള ബന്ധമാണ് പഠനവിധേയമായത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയില്ലെങ്കിലും, ഉയർന്ന താപനിലയാണ് ആശങ്കയാകുന്നത്. ചൂടുള്ള ചായ കുടിക്കുന്നവർക്ക് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഓസോഫാഗൽ സ്ക്വാമസ് സെൽ കാർസിനോമ (ഇഎസ്സിസി) വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കുന്നത് പോലെ അന്നനാളത്തേയും പൊളളിക്കുന്നു. വർഷങ്ങളോളം ഈ പ്രക്രിയ തുടരുമ്പോൾ അന്നനാളത്തെ ദോഷകരമായി ബാധിക്കുകയും കാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. കാപ്പി, പുകവലിയും ഉയർന്ന പൂരിത കൊഴുപ്പുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണവും കൂടിച്ചേർന്നാൽ, കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൂടുള്ള ഭക്ഷണങ്ങൾക്കും ഇത് ബാധകമാണ്. മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും ചൂട് കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി വിഭാഗം ചെയർമാനും മേധാവിയുമായ പ്രൊഫ ചിന്താമണി ചൂണ്ടിക്കാട്ടി. ചായയാലും കാപ്പിയായാലും കുടിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ മിനിറ്റ് തണുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)