നഴ്സിങ് വിദ്യാർഥിനിയുടെ മരണം: 3 സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനിൽ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു.
ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സമയമെടുത്തതിനെയും കുടുംബം സംശയിക്കുന്നു. ചികിത്സ വൈകിയതും ചികിത്സാ നിഷേധവും ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് ആരോഗ്യസര്‍വ്വകലാശാല വൈസ് ചാൻസിലര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച കൈമാറിയേക്കും. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണു സൂചന. ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ.എസ്.കെ.ഹരികുമാർ, നഴ്സിങ് വിഭാഗം ഡീൻ രാജി രഘുനാഥ്, പാരിപ്പള്ളി ഗവ.നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ.എൽ.സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)