അഭിമാനനിമിഷം; മൂന്നുമക്കളുടെ അമ്മ, ആദ്യമായി മിസ് യൂണിവേഴ്സ് വേദിയിൽ യുഎഇ സുന്ദരി
ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടിക്കളുടെയും രണ്ട് വയസുള്ള മകന്റെയും അമ്മ, ഈ 27 കാരിയായ എമിലിയ ഡോബ്രെവ യുഎഇയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി എമിലിയയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് വേദിയിൽ പങ്കെടുക്കുന്ന യുഎഇ വനിതയായി മാറിയിരിക്കുകയാണ് എമിലിയ. മെക്സിക്കോ സിറ്റിയിൽ നടന്ന ആഗോള ഇവന്‍റിലാണ് രാജ്യത്തെ പ്രതിനിധീകരിച്ചെത്തിയത്. ഒക്ടോബറിൽ സ്വകാര്യ ക്ലോസ്ഡ് ഡോർ ഓഡിഷനിൽ മിസ് യൂണിവേഴ്സ് യുഎഇ കിരീടം നേടിയ മോഡൽകൂടിയാണ് എമിലിയ. ദശാബ്ദത്തിലേറെയായി യുഎഇയിൽ താമസമാക്കിയിരിക്കുകയാണ് എമിലിയ. എമിലിയയുടെ ഭർത്താവ് സ്വദേശിയാണ്. മിസ് യൂണിവേഴ്സിന്‍റെ ഗ്രാൻഡ് ഫിനാലെയിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്കൊപ്പമാണ് യുഎഇക്ക് വേണ്ടി പങ്കെടുത്തത്. ഡെന്മാർക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം ചൂടിയത്. ദേശീയ വേഷവിധാന റൗണ്ടിൽ എമിലിയ അബായ (പർദ്ദ) ധരിച്ചും ശ്രദ്ധേയയായി. മക്കളെ യുഎഇയിലെ വീട്ടിലാക്കിയാണ് എമിലിയ മൂന്നാഴ്ചത്തേക്ക് മെക്സിക്കോയിലേക്ക് പറന്നത്. എന്‍റെയുള്ളിൽ യഥാർഥ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള സ്വപ്നം എപ്പോഴും ഉണ്ടായിരുന്നു. മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിക്കാൻ താൻ ആഗ്രഹിച്ചുവെങ്കിലും ആ സമയത്ത് അതിന് വിദൂര സാധ്യത പോലുമില്ലായിരുന്നുവെന്ന് എമിലിയ പറയുന്നു. 2003-ൽ ആറാം വയസ്സിലാണ് എമിലിയ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്തത്– ലിറ്റിൽ മിസ് യൂണിവേഴ്സ്. ഞാൻ ഏക മകളായിരുന്നു. അയൽക്കാരായ സ്വദേശി പെൺകുട്ടികളായിരുന്നു കൂട്ടുകാർ. അവരുടെ കളികളിൽ എന്നെയും അവർ ഉൾപ്പെടുത്തി. അതുകൊണ്ട് തന്നെ അറബിക് ഭാഷ വളരെ പെട്ടെന്ന് സ്വായത്തമാക്കി – എമിലിയ പറഞ്ഞു. 2021 ലാണ് എമിലിയയെ തേടി ആ വാർത്ത എത്തിയത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ യുഎഇക്ക് ഒരു പ്രതിനിധി ഉണ്ടാകുമെന്നായിരുന്നു ആ വാർത്ത. അക്കാലത്ത് നിയമങ്ങൾ വ്യത്യസ്തമായിരുന്നു. മത്സരത്തിൽ അവിവാഹിതർക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. അതിനാൽ, എമിലി വിവാഹം തത്കാലം വേണ്ടെന്ന് വച്ച് ലക്ഷ്യത്തിലേയ്ക്ക് കഠിനാധ്വാനം ചെയ്തു. മത്സരത്തിൽ ഞാൻ ആദ്യ മൂന്നിൽ ഇടംപിടിച്ചു. പക്ഷേ, സാങ്കേതിക കാരണങ്ങളാൽ ആ വർഷം യുഎഇ പ്രാതിനിധ്യം റദ്ദാക്കിയതിനാൽ എമിലിയ തകർന്നുപോയി. പിന്നീട്, മാസങ്ങൾക്കുള്ളിൽ എമിലിയ വിവാഹിതയായി. 2024ൽ എമിലിയക്ക് മിസ് യൂണിവേഴ്സ് യുഎഇ മത്സരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. അപ്പോഴേക്കും കാര്യങ്ങൾ ഒരുപാട് മാറിയിരുന്നു. 18 നും 28 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ മോഡലുകളെ മാത്രം പങ്കെടുക്കാൻ അനുവദിച്ചിരുന്ന മത്സരം, പ്രായം, ഉയരം, ഭാരം, വൈവാഹിക നില എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും 2023 ൽ നീക്കം ചെയ്തിരുന്നു. ഒടുവിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ എമിലിയയുടെ 21 വർഷത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)