
നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്
ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാപ്പി കുടിക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം. പോഷകാഹാര വിദഗ്ധയായ റിതിക കുക്രേജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കാര്യങ്ങൾ പറയുന്നുണ്ട്.
ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം
കാപ്പിയിലെ കഫീനും ആസിഡുകളും വയറ്റിലെ ആസിഡിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വർധിപ്പിക്കും. ഇത് അസ്വസ്ഥത, വയറു വീർപ്പ്, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങൾക്ക് പതിവായി ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുകയാണെങ്കിൽ കാപ്പി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. പകരം ഇഞ്ചി ചേർക്കുന്നത് പോലുള്ള ഹെർബൽ ടീകൾ തിരഞ്ഞെടുക്കുക. അവ ദഹനപ്രശ്നങ്ങൾ ഒരുപരിധി വരെ ശമിപ്പിക്കാൻ സഹായിക്കും.
ഉത്കണ്ഠ ഉണ്ടാകാനും ഉറക്കമില്ലായ്മ വരാനും സാധ്യത
ഉത്കണ്ഠ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കാപ്പിയിലെ കഫീൻ വലിയ പ്രശ്നമായിരിക്കും. ഉത്കണ്ഠയ്ക്ക് സാധ്യതയുള്ളവർക്ക് രോഗലക്ഷണങ്ങൾ വഷളാക്കുകയും വിശ്രമിക്കാൻ പ്രയാസമാക്കുകയും ചെയ്യും. കാപ്പിയിലെ കഫീൻ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടുക്കുന്നത് ഒഴിവാക്കണം.
ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശക്തി ഇല്ലാതാക്കും
ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ കാപ്പി തടസ്സപ്പെടുത്തും. ഭക്ഷണത്തോടൊപ്പം പരമാവധി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ കാപ്പിയുടെ സ്വാധീനം കുറയ്ക്കുന്നതിന് കാപ്പി കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ വ്യത്യാസം ഉണ്ടായിരിക്കണം.
ഗർഭാവസ്ഥയിൽ കാപ്പി ഒഴിവാക്കണം
ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. കഫീനിന്റെ ഉയർന്ന അളവ് കുഞ്ഞിൻ്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. ഗർഭാവസ്ഥയിൽ അമിതമായ കഫീൻ കഴിക്കുന്നത് മാസം തികയാതെയുള്ള ജനനം, കുഞ്ഞിൻ്റെ ഭാരം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പി കുടിക്കണം എന്ന നിർബന്ധം ഉള്ളവർ കഫീൻ പ്രതിദിനം 200 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഇത് ഏകദേശം ഒരു ചെറിയ കപ്പ് കാപ്പിയിൽ കാണപ്പെടുന്ന അളവാണ്. കാപ്പിക്ക് പകരം, കുങ്കുമപ്പൂവോ ഏലക്കായോ ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കാൻ ശ്രമിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)