
യുഎഇയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രവാസി ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷയും പിഴയും
യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു 27 വയസ്സുകാരിയായ ഗാംബിയൻ യുവതിയുടെയും 35 വയസ്സുകാരനായ നൈജീരിയക്കാരന്റെയും കയ്യിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. പതിവ് കസ്റ്റംസ് പരിശോധനയിൽ യുവതിയുടെ ലഗേജിൽ അസാധാരണമായ ഭാരം കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. സൂക്ഷ്മപരിശോധനയിൽ വാഹന ഫിൽട്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4,290.86 ഗ്രാം കഞ്ചാവ് അധികൃതർ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കാർഗോ സർവീസിൽ നിന്ന് പാക്കേജ് ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിലെ നയിഫ് ഏരിയയിൽ പിടിയിലായ നൈജീരിയക്കാരന് കൈമാറാനാണ് കഞ്ചാവെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. നൈജീരിയൻ പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ആശയവിനിമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു. തുടക്കത്തിൽ പ്രതികൾ ലഹരിമരുന്ന് കടത്തുമായി ബന്ധമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ വാദം കോടതി തള്ളികളഞ്ഞു.ഇരുവരും കൊക്കെയ്ൻ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ തന്നെ ലഹരിമരുന്ന് കടത്തിനെക്കുറിച്ച് ദമ്പതികൾക്ക് അറിവുണ്ടായിരുന്നു. ഇത് കുറ്റകൃത്യവുമായി ഇവർക്കുള്ള ബന്ധം തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)