ഞെട്ടൽ മാറാതെ പനയമ്പാട്; ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒന്നിച്ച്; വിതുമ്പലോടെ പ്രിയപ്പെട്ടവർ
പാലക്കാട് പനയമ്പാടത്ത് ലോറിക്കടിയിൽപെട്ട് മരിച്ച വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാടും കൂട്ടുകാരും. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരുന്നില്ല. സ്കൂളിനു അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങൾ തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഒറ്റ ഖബറിൽ മറവുചെയ്തു. ഒരു വലിയ ഖബർ നാലായി തിരിച്ചാണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്.
വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. മരിച്ച ഇ൪ഫാന ഷെറിൻ അബ്ദുൽ സലാമിൻറെ മൂന്നു മക്കളിൽ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിൻറെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടെ മൂന്നുപേരായിരുന്നു മക്കൾ. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൽ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളിൽ ഏകമകളെയാണ് ഇവർക്ക് നഷ്ടമായത്.
പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീൻറെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ സ്കൂൾ ടീമിൻറെ മണവാട്ടിയായിരുന്നു. എ ഗ്രേഡും ലഭിച്ചു. വരുന്ന 21 ന് സ്കൂളിൻറെ കെട്ടിടോദ്ഘാടനത്തിലും മണവാട്ടിയായി ഒരുങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആയിഷ. അതിനിടെയിലാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ആ കുരുന്ന് ജീവനെടുത്തത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)