Posted By sneha Posted On

കുത്തേറ്റ് യുഎഇ പൗരൻ കൊല്ലപ്പെട്ടു, പ്രവാസി മലയാളിക്ക് വധശിക്ഷ; മകന് വേണ്ടി സഹായം തേടി മാതാവ്

സ്വന്തം ജീവൻ അപകടത്തിൽപ്പെടുമെന്ന അവസ്ഥയെ ചെറുക്കുന്നതിനിടെ മാനസിക വിഭ്രാന്തിയുള്ള അറബ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ ജീവനുവേണ്ടി സഹായം തേടി മാതാവ്. തലശ്ശേരി സ്വദേശിയായ 24കാരന്റെ ജീവൻ സംരക്ഷിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഉമ്മ. തലശ്ശേരി നെട്ടൂരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് ലൈലയാണ് മകൻ മുഹമ്മദ് റിനാഷിന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്നത്.വധശിക്ഷക്ക് വിധിക്കപ്പെട്ട് ദുബായ് അൽ ഐനിലെ അൽബദ് ബ ജയിലിലാണിപ്പോൾ മുഹമ്മദ് റിനാഷ്. ആറുവർഷം മുമ്പ് നടന്ന സംഭവത്തിൽ രണ്ടുമാസം മുമ്പാണ് റിനാഷിനെ വധശിക്ഷയ്ക്കു വിധിച്ചത്. ദുബായ് അൽ ഐനിൽ ട്രാവൽ ഏജൻസിയിൽ ജോലിക്കാരനായിരുന്നു റിനാഷ്.ഏജൻസി ഉടമയായ അറബി ആവശ്യപ്പെട്ടതനുസരിച്ച് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള ബന്ധു അക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവേറ്റ റിനാഷ് രക്ഷപ്പെടാൻ മൽപ്പിടിത്തം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ കത്തി ശരീരത്തിൽ കുത്തിക്കയറിയാണ് യു.എ.ഇ പൗരൻ മരിച്ചത്. വിചാരണയ്ക്കൊടുവിൽ യുവാവിന് കോടതി വധശിക്ഷ വിധിച്ചു.മൂന്നു മക്കളുള്ള നിർദ്ധനയായ ലൈലയുടെ ഏക ആശ്രയമായിരുന്നു റിനാഷ്. ഇതിനുമുമ്പ് യാതൊരു കുറ്റകൃത്യത്തിലും മകൻ പെട്ടിരുന്നില്ലെന്ന് ലൈല പറയുന്നു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കിക്കിട്ടാൻ ഇന്ത്യൻ എംബസി, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, ഷാഫി പറമ്പിൽ എം.പി, മുൻ വിദേശകാര്യ മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കെല്ലാം സങ്കട ഹർജി നൽകി കാത്തിരിക്കുകയാണ് ഈ മാതാവ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *