മുഴുവൻ സ്വകാര്യമേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
നിലവിൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്ത രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. ജനുവരി ഒന്നിന് പദ്ധതി നിലവിൽവരും. അബുദാബിയിലും ദുബായിലും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് മറ്റ് എമിറേറ്റുകൾക്ക് ബാധകമായിരുന്നില്ല. എന്നാൽ ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തോടെ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെയും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരൽ നിർബന്ധമായി.ആരോഗ്യ ഇൻഷുറൻസിനായി രാജ്യവ്യാപകമായി ഒരു മാനദണ്ഡം സ്ഥാപിക്കുന്നതാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. നേരത്തേ ഇൻഷുറൻസ് നടപ്പിലാക്കുന്ന കാര്യം മുൻപ് ഓരോ എമിറേറ്റിന്റെയും വിവേചനാധികാരത്തിന് വിട്ടിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ എല്ലാ ജീവനക്കാർക്കും ഇത് നിർബന്ധമായിത്തീർന്നു. സ്വകാര്യ മേഖലയിലെ രജിസ്റ്റർ ചെയ്ത ജീവനക്കാർക്കും നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത വീട്ടുജോലിക്കാർക്കും അത് നടപ്പിലാക്കണമെന്ന കഴിഞ്ഞ മാർച്ചിലെ കാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)