യുഎഇ വിസിറ്റ് വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് കാരണം എന്ത്?: വിശദമായി അറിയാം
അടുത്തിടെ വിസിറ്റ് വിസ നിയന്ത്രണങ്ങള്‍ യുഎഇ കടുപ്പിച്ചത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നേരത്തെ തന്നെ ഉണ്ടായിരുന്ന നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് യുഎഇ കര്‍ശനമായി പരിശോധിക്കാന്‍ തുടങ്ങിയതോടെ വിസ റിജക്ഷനുകളുടെ എണ്ണം വര്‍ധിച്ചു. ഒരു ജോലി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിൽ യുഎഇയിലേക്ക് വിസിറ്റ് വിസ എടുത്ത് പോകുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ നിരവധിയാണ്. ഇത്തരത്തിൽ വിസിറ്റ് വിസയിൽ ദുബായിലോ മറ്റ് എമിറേറ്റുകളിലോ എത്തുന്ന പ്രവാസികള്‍ക്ക് മികച്ച ജോലി ലഭിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ നിബന്ധനകള്‍ യുഎഇ കര്‍ശനമാക്കാന്‍ കാരണമെന്താണ് എന്ന സംശയത്തിലാണ് പ്രവാസികളിൽ പലരും. ഇതിന് പ്രധാനമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം എന്താണെന്ന് പരിശോധിക്കാം. നിലവിൽ എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് യുഎഇ. ഈ നീക്കങ്ങളുടെ ഭാഗമായി ടൂറിസം മേഖലയുടെ വികസനവും യുഎഇ ലക്ഷ്യമിടുന്നത്. രാജ്യത്തേക്ക് ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വിസിറ്റ് വിസ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിനോദ സഞ്ചാരികള്‍ രാജ്യത്തേക്ക് എത്തണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നത്. തൊഴിൽ അന്വേഷിക്കാന്‍ എത്തുന്നവരെയും ടൂറിസ്റ്റുകളെയും കൃത്യമായി തരം തിരിക്കാനാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദ സഞ്ചാരം ലക്ഷ്യമിട്ട് രാജ്യത്തേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ രാജ്യത്തെ കാഴ്ച്ചകള്‍ ആസ്വദിച്ച് കൃത്യസമയത്ത് മടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് യുഎഇ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്ന് മുസാഫിര്‍.കോം ബി2സി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റായ റികിന്‍ ഷേത് പറയുന്നു. റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് വിവരങ്ങള്‍, കൈവശം ഉണ്ടായിരിക്കേണ്ട തുകയുടെ തെളിവ് തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാലാണ് യുഎഇയിലേക്കുള്ള വിസിറ്റ് വിസകള്‍ നിരസിക്കപ്പെടുന്നത് എന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തേക്ക് വരുന്ന എല്ലാ വിസിറ്റ് വിസ ഉടമകളും ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇയിലെ ഇമിഗ്രേഷന്‍ വിഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കാര്യമായ നിയന്ത്രണങ്ങളില്ലാതെ അനായാസം എത്താന്‍ കഴിയുന്ന രാജ്യമായതിനാലാണ് ധാരാളം പേര്‍ തൊഴിൽ അന്വേഷിക്കുന്നതിനായി യുഎഇയിലേക്ക് വിസിറ്റ് വിസ എടുത്ത് എത്തുന്നത് എന്നും റികിന്‍ ഷേത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെയും പാകിസ്താനിലെയും മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ വിസ റിജക്ഷനുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ ദശലക്ഷക്കണക്കിന് പേര്‍ യുഎഇയിലേക്ക് ഓരോ വര്‍ഷവും എത്താറുണ്ട്. രാജ്യത്തേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ ക്വാളിറ്റി ഉറപ്പുവരുത്തുന്നതിന് യുഎഇ മാത്രമല്ല, മറ്റു രാജ്യങ്ങളും ഇത്തരത്തിൽ നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)