Posted By sneha Posted On

തണുപ്പുകാലം ഔദ്യോഗികമായി ആരംഭിച്ചു, യുഎഇയില്‍ പലയിടത്തും മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ തണുപ്പുകാലത്തിന് തുടക്കമായി. ദുബായ് ഉള്‍പ്പടെയുളള വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ബുധനാഴ്ച മഴ പ്രതീക്ഷിക്കാം. വാരാന്ത്യ ദിനങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്ക് നിന്നുളള ഉപരിതലന്യൂനമർദ്ദമുളളതിനാല്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇടവിട്ട് മഴ ലഭിച്ചേക്കും.

അറബിക്കടലില്‍ നിന്നും ഒമാന്‍ കടലില്‍ നിന്നുമുളള ന്യൂനമർദ്ദം രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ അനുഭവപ്പെടും. മഴ മേഘങ്ങള്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഡിസംബർ 25, 26 തിയതികളില്‍ മഴയുണ്ടാകും. ഫുജൈറ, റാസൽഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങൾ, വടക്കൻ അബുദാബി, ദുബായ് എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.രാജ്യത്തിന്‍റെ കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം ചില മേഖലകളില്‍ കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഡിസംബർ 21 മുതലാണ് യുഎഇയില്‍ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഡിസംബർ അവസാനം മുതല്‍ ഫെബ്രുവരി വരെ താപനിലയില്‍ കുറവുണ്ടാകും. സൗദി അറേബ്യ ഉള്‍പ്പടെയുളള ഗള്‍ഫിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. റാസൽ ഖൈമയിലെ ജബൽ ജെയ്‌സും അൽ ഐനിലെ രഖ്നയുമാണ് യുഎഇയിലെ ഏറ്റവും തണുപ്പുളള പ്രദേശങ്ങള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *