Posted By sneha Posted On

കഴിഞ്ഞ വര്‍ഷം ഗള്‍ഫിൽ ശമ്പള വര്‍ധനവുണ്ടായില്ല; 2025-ലെ പ്രതീക്ഷ എന്ത്? പഠനം ഇങ്ങനെ

യുഎഇയിലെ 66 ശതമാനം തൊഴിലാളികളുടെയും ശമ്പളം 2024-ൽ വര്‍ധിച്ചിട്ടില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ 2025-ല്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് കൂടി കണക്കാക്കി ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷ ഗള്‍ഫ് തൊഴിലാളികള്‍ക്കുണ്ട്. ഈ വര്‍ഷം തൊഴിലാളികള്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെക്കുന്നതാണ് ബയ്റ്റ്.കോം പുറത്തുവിട്ട പുതിയ സര്‍വ്വേ. ജിസിസി, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള 1200 തൊഴിലാളികളാണ് സര്‍വ്വേയിൽ പങ്കെടുത്തത്. ഇവരിൽ ശമ്പള വര്‍ധനവിന്‍റെ കാര്യത്തിൽ കൂടുതൽ പ്രതീക്ഷയുള്ളത് സ്ത്രീകള്‍ക്കാണ്. 46 ശതമാനം സ്ത്രീകളാണ് 2025-ൽ 20 ശതമാനത്തിലധികം ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇതേ പ്രതീക്ഷയുള്ള പുരുഷന്‍മാര്‍ 34 ശതമാനമാണ്. എന്തായാലും അങ്ങനെ വിട്ടുകൊടുക്കാന്‍ തൊഴിലാളികള്‍ തയ്യാറല്ല. അഞ്ചിലൊന്ന് തൊഴിലാളിയും ഈ വര്‍ഷം കമ്പനികളോട് ശമ്പള വര്‍ധനവ് അങ്ങോട്ട് ആവശ്യപ്പെടുമെന്നാണ് പറയുന്നത്. മേഖലയിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടുതൽ ബോണസുകളും ശമ്പളത്തിന് പുറമേയുള്ള മറ്റു നേട്ടങ്ങളും ഈ വര്‍ഷം ലഭിക്കുമെന്ന് കരുതുന്നത്. അതേ സമയം, വര്‍ക്ക് – ലൈഫ് ബാലന്‍സിനെ പിന്തുണക്കുന്ന തരത്തിലുള്ള നയങ്ങളിൽ നിന്നാണ് സ്ത്രീകള്‍ക്ക് കൂടുതൽ നേട്ടമുണ്ടാവുക എന്ന് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സര്‍വ്വേയിൽ പങ്കെടുത്ത 25 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ഫ്ലെക്സിബിള്‍ വര്‍ക്കിങ് അവേഴ്സ് നേട്ടങ്ങള്‍ ലഭിക്കുന്നത്. അതോടൊപ്പം വിദ്യഭ്യാസ അലവന്‍സ്, ട്രാവല്‍ സപ്പോര്‍ട്ട് തുടങ്ങിയ കുടുംബ കേന്ദ്രീകൃത നേട്ടങ്ങള്‍ ഇപ്പോഴും അധികമാളുകള്‍ക്കും ലഭിക്കുന്നില്ല. കമ്പനികള്‍ എങ്ങനെ ശമ്പള ഘടന നിശ്ചയിക്കണം, തൊഴിലാളികളെ നിലനിര്‍ത്തണം, ഇന്നത്തെ തൊഴിലാളി സമൂഹത്തിന് ആവശ്യമായത് എന്ത് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ സൂചന നല്‍കുന്നതാണ് പുതിയ പഠനം. കമ്പനികള്‍ നല്‍കുന്ന താമസ സൗകര്യങ്ങള്‍, മറ്റു അലവന്‍സുകള്‍ തുടങ്ങിയ നേട്ടങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. സര്‍വ്വേയിൽ പങ്കെടുത്ത മൂന്നിൽ നാല് പുരുഷന്‍മാരും കുടുംബത്തിനായി തനിച്ച് പണം സമ്പാദിക്കുന്ന വ്യക്തികളാണ്. 31 ശതമാനം വനിതാ തൊഴിലാളികളാണ് തങ്ങളുടെ കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും സാമ്പത്തികമായി പിന്തുണ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ മാറുന്ന കാര്യത്തിൽ മുന്നിലുള്ളത് പുരുഷന്‍മാരാണ്. പുരുഷന്‍ തൊഴിൽ മാറാന്‍ 65 ശതമാനം പ്രവണത കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്കിടയിൽ ഇത് 50 ശതമാനമാണ്. കൂടുൽ മികച്ച ശമ്പളം ലഭിക്കുന്നതിനും കരിയറിലെ ഉയര്‍ച്ച സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ആളുകള്‍ കമ്പനി മാറുന്നത്. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികള്‍ക്കിടയിലാണ് കമ്പനി മാറുന്ന പ്രവണ കൂടുതലുള്ളത്. സര്‍വ്വേയിൽ പങ്കെടുത്ത ഈ പ്രായമുള്ളവരില്‍ പലരും ഇതിനകം തന്നെ മൂന്നിലധികം കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേ സമയം 36 വയസ്സിന് മുകളിൽ പ്രായമുള്ള പലരും ഇതുപോലെ തൊഴിൽ മാറിയിട്ടില്ല. ഈ പ്രായമുള്ളവരിൽ പലരും ഇതുവരെ ശരാശരി അഞ്ച് കമ്പനികളിലാണ് ജോലി ചെയ്തിട്ടുള്ളത്. മറ്റൊരു ശ്രദ്ധേയമായ കാര്യം സര്‍വ്വേയിൽ പങ്കെടുത്തവരിൽ 81 ശതമാനം പേരും നിലവിലെ ജോലിയിൽ രണ്ട് വര്‍ഷം പൂര്‍ത്തിയാകാത്തവരാണ്. മേഖലയിൽ അതിവേഗം ആളുകള്‍ തൊഴിൽ മാറുന്ന സാഹചര്യമുണ്ട് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, താരതമ്യേനെ കുറഞ്ഞ കാലത്തെ കരാറാണ് ഇപ്പോള്‍ കമ്പനികള്‍ ഇവിടെ നല്‍കിക്കൊണ്ടിരിക്കുന്നത്. 48 ശതമാനം തൊഴിലാളികള്‍ക്കും ഇപ്പോഴത്തെ കമ്പനിയുമായി ഒന്നോ രണ്ടോ വര്‍ഷത്തെ കരാര്‍ മാത്രമാണുള്ളത്. ഗള്‍ഫ് മേഖലയിലെ കമ്പനികള്‍ തൊഴിലാളികളെ നിലനിര്‍ത്തുന്നതിന് മികച്ച പരിശ്രമം തന്നെ നടത്തേണ്ടി വരുമെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. 59 ശതമാനം തൊഴിലാളികളും ഉടന്‍ തന്നെ നിലവിലെ തൊഴിൽ ഉപേക്ഷിക്കാന്‍ തയ്യാറെടുത്തവരാണ്. കഴിഞ്ഞ വര്‍ഷം തൊഴിൽ മാറിയ തൊഴിലാളികള്‍ 87 ശതമാനം പേരാണ്. താരതമ്യേനെ കുറഞ്ഞ ശമ്പളം, മറ്റു അലവന്‍സുകളും നേട്ടങ്ങളും ഇല്ലാതിരിക്കൽ തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും തൊഴിൽ മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ടോക്സിക് അന്തരീക്ഷം, ഓഫീസ് പൊളിറ്റിക്സ് തുടങ്ങിയ കാരണങ്ങളാലും ജോലി വിടുന്നവരുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *