പൊലീസ് പിടിച്ചെടുത്ത വാഹനം ഉടമകൾക്ക് സൂക്ഷിക്കാം; ‘സ്മാർട്ട് ഇംപൗണ്ട്മെൻറ്’ സംവിധാനവുമായി യുഎഇ
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമസ്ഥരുടെ അധീനതയിൽ തന്നെ സൂക്ഷിക്കാൻ ‘സ്മാർട്ട് ഇംപൗണ്ട്മെൻറ്’ സംവിധാനം അവതരിപ്പിച്ച് റാക് പൊലീസ്. ജനറൽ റിസോഴ്സ് അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പുതിയ സംവിധാനം ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റാക് പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി വ്യക്തമാക്കി.പിടിച്ചെടുക്കുന്ന വാഹനം പൊലീസിൻറെ വെഹിക്കിൾ കസ്റ്റഡി യാർഡിൽ സൂക്ഷിക്കുന്നതിന് പകരം ഉടമകൾക്ക് സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്നുവെന്നതാണ് ഇലക്ട്രോണിക് നിരീക്ഷണത്തിന് ഊന്നൽ നൽകുന്ന ‘സ്മാർട്ട് ഇംപൗണ്ട് സംവിധാനം. നിർദിഷ്ട സ്ഥലത്തു നിന്ന് വാഹനങ്ങൾ മാറ്റുന്നില്ലെന്ന് ഉറപ്പാക്കുന്ന സംവിധാനം വാഹനങ്ങളുടെ പരിപാലനത്തിന് ഉടമകൾക്ക് അവസരവും നൽകും.പുതിയ സംവിധാനം തടങ്കൽ യാർഡിലെ തിരക്ക് കുറക്കുന്നതിനും സ്മാർട്ട് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സഹായിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റാക് പൊലീസിൻറെ പ്രതിബദ്ധതയാണ് സ്മാർട്ട് ഇംപൗണ്ട്മെൻറ് സംവിധാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)