Posted By sneha Posted On

ഒരു ദിവസംകൊണ്ട് പാസ്‌പോർട്ട് പുതുക്കൽ തത്കാൽ വഴി മാത്രം: യുഎഇയിലെ ഇന്ത്യൻ എംബസി

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യൻ എംബസി. അപേക്ഷിച്ച അതേദിവസം തന്നെ പാസ്‌പോർട്ട് പുതുക്കിക്കിട്ടണമെങ്കിൽ തത്കാൽ സേവനം തന്നെ തിരഞ്ഞെടുക്കണമെന്നും പ്രീമിയം ലോഞ്ച് സേവനം വഴി മൂന്നോ നാലോ ദിവസംകൊണ്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നൽകിയ പോസ്റ്റിലാണ് നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനം, തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം, പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെ മൂന്ന് വിധം സേവനങ്ങളാണ് ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്യുന്നത്. നൽകിയിരിക്കുന്ന വിശദീകരണം അനുസരിച്ച്, ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകളുടെ ഫാസ്റ്റ് – ട്രാക്ക് പുതുക്കൽ നടത്താൻ കഴിയൂ.യുഎഇയിൽ, ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ബിഎൽഎസ് ഇന്റർനാഷണലിന്റെ കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുന്നത്. സാധാരണ പുതുക്കലിന് അപേക്ഷ സമർപ്പിക്കുന്നതിന്, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കമ്പനിയുടെ വെബ്സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. എന്നാൽ തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം ആഗ്രഹിക്കുന്നവർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. എല്ലാ തത്കാൽ അപേക്ഷകർക്കും വാക്ക് – ഇൻ സേവനം ലഭ്യമാണ്.പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് ആവശ്യമാണ്. സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനമാണെങ്കിൽ പാസ്പോർട്ടുകൾ പുതുക്കി നൽകുന്നതിന് മുൻപ് തന്നെ പോലീസ് ക്ലിയറൻസ് ലഭിക്കണം. എന്നാൽ, തത്കാൽ സേവനം ആണെങ്കിൽ പുതുക്കിയ പാസ്പോർട്ട് ഇഷ്യു ചെയ്തതിന് ശേഷമം പോലീസ് ക്ലിയറൻസ് ലഭിച്ചാൽ മതിയാവും.സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് കീഴിൽ സ്റ്റാൻഡേർഡ് പ്രോസസ്സിംഗ് സമയം മൂന്ന് മുതൽ നാല് വരെ പ്രവൃത്തി ദിവസങ്ങളാണ്. എന്നാൽ, തത്കാൽ സംവിധാനം വഴിയാണെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അപേക്ഷിച്ചാൽ അന്നേ ദിവസവും 12 മണി കഴിഞ്ഞാൽ അടുത്ത പ്രവൃത്തി ദിവസവും പുതുക്കിയ പാസ്‌പോർട്ട് ലഭിക്കും.അതേസമയം, പ്രീമിയം ലോഞ്ച് സർവീസ് വഴി സമർപ്പിക്കുന്ന പാസ്പോർട്ടുകൾ സാധാരണ പോലെ മൂന്നോ നാലോ ദിവസം എടുക്കും. പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കുന്നവർക്ക് ബിഎൽഎസ് സെന്ററുകളിൽ പ്രത്യേക ഇരിപ്പിടം, റിഫ്രഷ്‌മെന്റ് ഉൾപ്പെടെ കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് വ്യത്യാസം. ഇതിന് എംബസി/കോൺസുലേറ്റ്, ബിഎൽഎസ് സർവീസ് ഫീസ് എന്നിവയ്ക്ക് പുറമേ 236.25 ദിർഹം അധികം നൽകണം. ഈ സേവനം ലഭിക്കണമെങ്കിൽ ഓൺലൈനായി അപ്പോയിൻമെന്റ് എടുക്കണം.

പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്കുള്ള നിരക്കുകൾ
മുതിർന്നവർക്ക് (36 പേജ് ബുക്ക്ലെറ്റ്) -285 ദിർഹം
മുതിർന്നവർക്ക് (60 പേജ് ജംബോ ബുക്ക്ലെറ്റ്) -380 ദിർഹം
തത്കാൽ സേവനം (36 പേജ് ബുക്ക്ലെറ്റ്) -855 ദിർഹം
തത്കാൽ സേവനം (60 പേജ് ജംബോ ബുക്ക്ലെറ്റ്) – 950 ദിർഹം
സേവന നിരക്ക് – 9 ദിർഹം
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് – 8 ദിർഹം
പ്രീമിയം ലോഞ്ച് സേവന നിരക്ക്: മറ്റ് എല്ലാ സേവന ചാർജുകളും ഫീസുകളും കൂടാതെ 236.25 ദിർഹം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *