Posted By sneha Posted On

ഗ്രീഷ്മയ്ക്ക് വധശിക്ഷ; ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, പരമാവധി ശിക്ഷ വിധിക്കുന്നുവെന്ന് കോടതി

ഷാരോൺരാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പ​രി​ഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താൻ ​ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവൻ നിർമൽകുമാരനെതിരേയുമുള്ള കുറ്റം.586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ​ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.ആൺ സുഹൃത്തായ ഷാരോൺരാജിനെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനിൽ ജയരാജിന്റെ മകനാണ് ഷാരോൺ. നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബി.എസ്സി. റേഡിയോളജി അവസാനവർഷ വിദ്യാർഥിയായിരുന്നു.

2022 ഒക്ടോബർ 14-ന് ഷാരോൺ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലർത്തിയ കഷായം നൽകി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാൻ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഛർദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോൺ പാറശ്ശാല ജനറൽ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങളുണ്ടായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരൾ, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബർ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 മാർച്ച് നാലിന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടിൽവെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാൻ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാൻ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *