യുഎഇ താമസക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത് ഇക്കാര്യമോ? പുതിയ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
നിങ്ങൾ യുഎഇയിൽ താമസിക്കുന്ന വ്യക്തിയാണോ? ആവശ്യത്തിന് പണം സേവിങ്സ് ആയി സൂക്ഷിച്ച് വെക്കാൻ നിങ്ങൾക്ക് കഴിയാറില്ലേ? യുഎഇയിലെ പകുതിയിലേറെ പേരും ഈ കാരണത്താൽ ഉറക്കം നഷ്ടപ്പെട്ടവരാണ് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സാമ്പത്തികപരമായി യുഎഇ താമസക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പണം സ്വരൂപിച്ച് വെക്കാൻ കഴിയാത്തതാണെന്ന് ഇൻറർർനാഷണൽ ഫിനാൻഷ്യൽ ഗ്രൂപ്പ് ലിമിറ്റഡ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ആയിരത്തിലധികം താമസക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ പകുതിയോളം പേരും തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന പ്രധാന സാമ്പത്തിക വെല്ലുവിളിയായി സേവിങ്സ് ആണ് തെരഞ്ഞെടുത്തത്. തൊട്ടുപിന്നിൽ വാടക അടക്കുന്ന കാര്യമാണ്. മെഡിക്കൽ ഇൻഷുറൻസ് ചെലവും, റിട്ടയർമെൻറ് ഫണ്ടിനുള്ള തയ്യാറെടുപ്പ് ഇല്ലാത്തതുമെല്ലാം യുഎഇ താമസക്കാരെ വേട്ടയാടുന്ന മറ്റു കാര്യങ്ങളാണെന്ന് പഠനം സൂചിപ്പിക്കുന്നു. എന്നാൽ മക്കളുടെ വിവാഹം, വേനലവധി, ഹോം ലോൺ തുടങ്ങിയ കാര്യങ്ങൾ സർവ്വേയിൽ പങ്കെടുത്തവരിൽ കുറച്ച് പേരെ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന കാര്യവും ശ്രദ്ധേയമാണ്. 2024 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ് ഈ സർവ്വേ നടന്നത്. ജെൻഡർ, പ്രായം, ലൊക്കേഷൻ, വംശം, വിവാഹ സ്റ്റാറ്റസ്, ശമ്പളം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് വ്യത്യസ്തരായ യുഎഇ താമസക്കാരോട് ഒരേ തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടാണ് സർവ്വേ നടത്തിയത്. രാത്രിയിൽ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമായി പൊതുവേ തെരഞ്ഞെടുക്കപ്പെട്ടത് ഒരേ കാര്യങ്ങളാണെന്ന് പഠനത്തിലൂടെ വ്യക്തമായി. യുഎഇ താമസക്കാർ തങ്ങളുടെ സാമ്പത്തിക സാഹചര്യത്തെ കുറിച്ച് ചിന്തിക്കുന്നതും, അവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്നതും ഏകദേശം ഒരേ തരത്തിലുള്ള കാര്യങ്ങളാണെന്ന് കാണാൻ കഴിഞ്ഞതായി ഐഎഫ്ജിഎൽ മിഡിൽ ഈസ്റ്റ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റുവർട്ട് ഷിൽകോക്ക് പറഞ്ഞു. പ്രവാസികൾക്കും സ്വദേശികൾക്കുമായി നിക്ഷേപം, സേവിങ്സ്, സാമ്പത്തിക സംരക്ഷണ മാർഗങ്ങൾ എന്നിവ ഒരുക്കുന്ന കമ്പനിയാണ് സർവ്വേ നടത്തിയ ഐഎഫ്ജിഎൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)