Posted By sneha Posted On

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം.

യുഎഇയിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വെച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ഉപഭോക്ത്യ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്രിമ നിറങ്ങളും മറ്റ് അ​ഡിറ്റിവുകളും ഉപയോഗിക്കുന്നതിന് കൃത്യമായ അളവുകളും വ്യക്തമാക്കിയിട്ടുണ്ട്.

സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ റെഡ് നമ്പർ 3യുടെ ഉപയോഗം ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ചത്. നിലവിൽ യുഎസിൽ ഏകദേശം 3,000 ഭക്ഷ്യ ഉൽപന്നങ്ങളിൽ ഈ നിറം ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് ഫുഡ് ഡൈകൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളിലും മസ്തിഷ്ക ഘടനയിലും സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുമെന്നും ഇത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഓർമ്മയെയും ബാധിക്കുമെന്നും മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *