പൊലീസുകാരുടെ വിഡിയോ ചിത്രീകരിച്ചു; യുവതിക്ക് 2000 ദിർഹം പിഴ
ടാക്സി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ ചിത്രീകരിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും സുഹൃത്തും കുറ്റക്കാരെന്ന് കണ്ടെത്തി ദുബൈ കോടതി. വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരുടെ വിഡിയോ ചിത്രീകരിച്ച കേസിൽ ഒന്നാം പ്രതിക്ക് 2000 ദിർഹം പിഴയും പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ സുഹൃത്തിന് മൂന്നു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. കസഖ്സ്താൻ സ്വദേശികളാണ് പ്രതികൾ. കഴിഞ്ഞ വർഷം ജനുവരിയിൽ അൽ ബർഷ പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദ സംഭവം നടന്നത്. ദുബൈ ഗ്ലോബൽ വില്ലേജിന് പുറത്ത് ടാക്സി ഡ്രൈവറുമായി തർക്കത്തിലേർപ്പെട്ട യുവതികളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ ഒരു യുവതി മൊബൈലിൽ ഉദ്യോഗസ്ഥരുടെ വിഡിയോ ചിത്രീകരിച്ചു. ഇത് ശ്രദ്ധയിൽപെട്ട വനിത പൊലീസ് ഉദ്യോഗസ്ഥ ഫോൺ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകാൻ തയാറായില്ല. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സുഹൃത്ത് ഇടപെട്ട് പൊലീസിനെ തടയുകയും ആക്രമിക്കുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പൊലീസ് വാദിച്ചു.പൊലീസിൻറെ നടപടി രേഖപ്പെടുത്താനായാണ് വിഡിയോ ചിത്രീകരിച്ചതെന്ന് പ്രതികളിലൊരാൾ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് വിഡിയോ ചിത്രീകരിച്ച യുവതിക്ക് 2000 ദിർഹം പിഴയും പൊലീസിനെ ആക്രമിച്ച രണ്ടാം പ്രതിക്ക് മൂന്നു മാസം തടവും ശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)