![](https://www.pravasiinfo.com/wp-content/uploads/2022/12/abu-dhabi-city.jpg.image_.845.440.jpg)
യുഎഇ ബ്ലൂ വിസക്കായി അപേക്ഷിക്കാം; ആരൊക്കെയാണ് അർഹർ
പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്കായി യുഎഇ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിസയാണ് ബ്ലൂ വിസ. അര്‍ഹരായ വ്യക്തികള്‍ക്ക് യുഎഇയിലെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസക്കായുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രാജ്യത്തിന്‍റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വികസനത്തെ പിന്തുണക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ വിദഗ്ധരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് യുഎഇ ഈ വിസ അവതരിപ്പിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഐസിപിയുടെ ഔദ്യോഗിക വിസ പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്താണ് ബ്ലൂ വിസ എന്ന് വിശദമായി നോക്കാം. രാജ്യത്തിനകത്തും ആഗോളതലത്തിലും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് യുഎഇ സർക്കാർ 10 വർഷത്തെ ബ്ലൂ വിസ കൊണ്ടു വന്നത്. പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളിലെയും കമ്പനികളിലെയും അംഗങ്ങൾ, അസോസിയേഷനുകളിലെയും സർക്കാരേതര സംഘടനകളിലെയും അംഗങ്ങൾ, പ്രശസ്തമായ ആഗോള പാരിസ്ഥിതിക അവാർഡുകൾ ലഭിച്ചവര്‍ തുടങ്ങിയ വ്യക്തികളാണ് ബ്ലൂ വിസക്ക് അര്‍ഹരാകുന്നത്. ശാസ്ത്രജ്ഞർ, ഗവേഷകർ, നിക്ഷേപകർ, സംരംഭകർ, കണ്ടുപിടുത്തങ്ങള്‍ നടത്തിയവര്‍, സുസ്ഥിരത, ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ വിദഗ്ധർ തുടങ്ങിയവരും ബ്ലൂ വിസക്ക് അര്‍ഹത നേടുന്നവരില്‍ ഉള്‍പ്പെടുന്നു. അപേക്ഷകന്റെ കാറ്റഗറിയും യോഗ്യതകളും അനുസരിച്ച് ബ്ലൂ റെസിഡൻസി വിസയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങളും രേഖകളും വ്യത്യാസമായിരിക്കും. എന്നാല്‍ ബന്ധപ്പെട്ട മേഖലകളിൽ നല്‍കിയ സംഭാവനകളും സ്വന്തമാക്കിയ നേട്ടങ്ങളും തെളിയിക്കുന്നതിനുള്ള രേഖകൾ എല്ലാ അപേക്ഷകരും സമർപ്പിക്കണം. കുറഞ്ഞത് ആറുമാസത്തെ കാലാവധി അവശേഷിക്കുന്ന പാസ്‌പോർട്ട്, വെള്ള പശ്ചാത്തലമുള്ള പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കേണ്ടതായി വരും. ICP യുടെ ഓൺലൈൻ വിസ സേവന പ്ലാറ്റ്‌ഫോമിലൂടെ ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കുന്നതിന് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിൽ ഒന്നാമത്തേത് നോമിനേഷന്‍ പ്രക്രിയ ആണ്. അപേക്ഷകന്‍ നാമനിർദ്ദേശ അപേക്ഷ സമർപ്പിക്കുകയോ യുഎഇയിലെ ഒരു അധികാരി അപേക്ഷകനെ നാമനിർദ്ദേശം ചെയ്യുകയോ വേണം. നാമനിർദ്ദേശ അപേക്ഷ നല്‍കുന്നതിനുള്ള ഫീസ് 350 ദിർഹമാണ്. ഈ അപേക്ഷ ICP അംഗീകരിച്ചു കഴിഞ്ഞാൽ വിസ അപേക്ഷയുമായി അപേക്ഷകന് മുന്നോട്ട് പോകാം. അപേക്ഷകന്‍ ഇതിനകം ഒരു യുഎഇ താമസക്കാരനാണെങ്കിൽ, തന്‍റെ വിസ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം. മുഴുവൻ പേര്, കോണ്ടാക്ട് ഡീറ്റെയില്‍സ്, കാറ്റഗറി, നാമനിർദ്ദേശ അപേക്ഷ നമ്പർ എന്നിവ നൽകണം. ഫയൽ നമ്പർ അല്ലെങ്കിൽ ഏകീകൃത നമ്പർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ വിവരങ്ങൾ എന്‍റര്‍ ചെയ്യേണ്ടതായി വരും. രാജ്യം, തൊഴിൽ, ജനനത്തീയതി, പാസ്‌പോർട്ട് വിവരങ്ങൾ, വിശ്വാസം, മാര്യേജ് സ്റ്റാറ്റസ്, താമസ സ്ഥലം തുടങ്ങിയ വ്യക്തിഗത വിവരങ്ങളും സമർപ്പിക്കണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വിസ സർവീസ് ഫീസിനുള്ള പണമടയ്ക്കുകയും ചെയ്യണം. ICP യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴിയും ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യുഎഇക്ക് പുറത്തുള്ള വ്യക്തികള്‍ ബ്ലൂ വിസയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, വിസ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ഈ എൻട്രി പെർമിറ്റ് സ്വന്തമാക്കുന്നതിനുള്ള ചെലവ് 1,250 ദിർഹമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)