
ദുബൈയിൽ ‘കാറില്ലാ മേഖല’ വരുന്നു; അറിയാം വിശദമായി
കാറുകൾ ഇല്ലാത്ത വാണിജ്യ, റസിഡൻഷ്യൽ മേഖലകൾ സൃഷ്ടിക്കുന്നതിന് വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ‘സൂപ്പർ ബ്ലോക്ക്’ എന്ന് പേരിട്ട പദ്ധതിക്ക് വ്യാഴാഴ്ച ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി. അൽ ഫാഹിദി, അബൂ ഹൈൽ, കറാമ, അൽഖൂസ് എന്നിവയാണ് ‘സൂപ്പർ ബ്ലോക്ക്’ പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങൾ. ഈ പ്രദേശങ്ങളെ കാൽനടക്കാർക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റി സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിൽ കാറുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കി ഹരിത ഇടങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്ന വിനോദ സ്ഥലങ്ങളും കൂടുതലായി നിർമിക്കും. കാൽനട സൗഹൃദമാക്കുന്നതിലൂടെ സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലുകൾ വർധിക്കുകയും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
കാറുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാകുന്നതുവഴി അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിൻറെ വ്യാപനം കുറക്കാനും സാധിക്കും.2040നോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുപ്രധാനമായ മറ്റ് തീരുമാനങ്ങളും അംഗീകരിച്ചു. ദുബൈ നൗ ആപ്, ഇൻവെസ്റ്റ് ഇൻ ദുബൈ, വിസിറ്റ് ദുബൈ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി നൽകുന്ന സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം കൊണ്ടുവരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)