
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരെ സഹ പൈലറ്റിൻറെ ഇടപെടൽ; എമർജൻസി ലാൻഡിങ്
ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താൻസയുടെ ബോയിങ് 747 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.
എൽഎച്ച് 463 വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം മോൺട്രിയലിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പൈലറ്റ് ബോധരഹിതനായതിന് പിന്നാലെ വിമാനത്തിൻറെ നിയന്ത്രണം കോ-പൈലറ്റ് ഏറ്റെടുക്കുകയായിരുന്നു. ഈ സമയം വിമാനത്തിലെ ജീവനക്കാർ പൈലറ്റിന് പ്രാഥമിക ശുശ്രൂഷ നൽകി. പൈലറ്റ് ബോധരഹിതനായതും കാലാവസ്ഥ മോശമാകുന്നതും കണക്കിലെടുത്ത് 30,000 അടി ഉയരെ വിമാനം നോവ സ്കോട്ടിയയിലേക്ക് വഴി തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് വിമാനം മോൺട്രിയലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിൻറെ യഥാർത്ഥ ലക്ഷ്യസ്ഥാനത്തിന് 1,500 മൈൽ അകലെയാണിത്. പൈലറ്റ് ബോധരഹിതനായതിന് കാരണം വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിൻറെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും പൈലറ്റിന് അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയെന്നും ലുഫ്താൻസ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ലുഫ്താൻസ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും എയർലൈൻ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)