
യുഎഇയില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ
യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ. ദുബായിലെ ലക്ഷ്വറി ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഡ്രൈവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു വർഷം തടവ് ശിക്ഷയും അതിനുശേഷം നാടുകടത്തലുമാണ് കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിൽ ദുബായിലെ ഒരു പോളിഷ് വനിത ബിസിനസ് ബേ ഏരിയയിലെ ഒരു ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് യാത്രയ്ക്ക് വാഹനം ബുക്ക് ചെയ്തിരുന്നു. വീട്ടിലേക്ക് പോകേണ്ട റൂട്ടിന് പകരം ഒറ്റപ്പെട്ട ഒരു പ്രദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് യാത്രക്കാരിയെ ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു. കോടതി രേഖകളിൽ പ്രായം വെളിപ്പെടുത്താത്ത യുവതി, താൻ ആ സമയത്ത് മദ്യലഹരിയിലായിരുന്നെന്നും സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ ബിസിനസ് ബേയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തുനിന്ന് കാർ ബുക്ക് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അൽപനേരത്തെ ഡ്രൈവിന് ശേഷം പ്രതി യുവതിയെ വാഹനത്തിൽ നിന്ന് ഇറക്കിവിടുകയും മണൽ പ്രദേശത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു. “അവൻ എന്നെ അവിടെ ഉപേക്ഷിച്ചു, സംഭവിച്ചതെല്ലാം എനിക്ക് ഓർമയില്ല. ചിലത് ഓർക്കുന്നു, ” യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് അടുത്തുള്ള കെട്ടിടത്തിലേക്ക് നടന്ന് മറ്റൊരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ, സംഭവത്തിൻ്റെ ചില ഭാഗങ്ങൾ ഓർമ്മിച്ച ശേഷം, പോലീസിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. യുവതിയെ ഫോറൻസിക് മെഡിക്കൽ പരിശോധനയ്ക്ക് റഫർ ചെയ്യുകയും ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെ ലൈനപ്പ് നടപടിക്രമങ്ങൾക്കിടെ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ, താൻ എവിടെയാണ് താമസിക്കുന്നതെന്ന് യുവതിക്ക് ഓർമ്മയില്ലെന്ന് ഇയാൾ അവകാശപ്പെട്ടു. ഫോറൻസിക് റിപ്പോർട്ടുകൾ സ്ത്രീയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന തെളിവുകൾ സ്ഥിരീകരിച്ചു. ഡ്രൈവർ കോടതിയിൽ ഹാജരായപ്പോൾ, ലൈംഗികാതിക്രമ ആരോപണം നിഷേധിച്ചു. എന്നിരുന്നാലും, അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷത്തെ തടവിന് ശിക്ഷ വിധിക്കുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)