
യുഎഇ തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ് ഇങ്ങനെ; റിപ്പോർട്ട് പുറത്ത്
യുഎഇയിൽ 2025-ൽ ഏതൊക്കെ മേഖലകളിലാണ് ഉയർന്ന ശമ്പളത്തോടെ നിയമനം നേടാനാവുക? രാജ്യത്തെ തൊഴിൽ വിപണിയിലെ ഏറ്റവും പുതിയ പ്രവണതകളെ കുറിച്ചുള്ള മൈക്കൽ പേജിൻറെ സാലറി ഗെെഡ് 2025 പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഫിനാൻസ്, സെയിൽസ്, മാർക്കറ്റിങ്, ഐടി തുടങ്ങിയ വിവിധ മേഖലകളിലെ ജോലി സാധ്യതകൾ, ശമ്പളം, നിയമനത്തിലെ വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളെ ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. യുഎഇയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മേഖലയാണ് അസറ്റ് മാനേജ്മെൻറ്. ഈ വളർച്ച ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. നിക്ഷേപകർ കൂടുതലായി രാജ്യത്തേക്ക് എത്തുന്നതാണ് ഫിനാൻസ് മേഖലയെ ഏറെ മുന്നോട്ട് നയിച്ചത്. ഫാമിലി ബിസിനസുകളുടെയും ഉന്നത ആസ്തിയുള്ള വ്യക്തികളുടെയും എണ്ണം വർധിച്ചത് ഈ വളർച്ചയെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്. ഫണ്ട്റൈസിംഗ്, ഇൻസ്റ്റിറ്റ്യൂഷണൽ സെയിൽസ് തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻറ് ആണുള്ളത്. മേഖലയിലെ വൈദഗ്ധ്യം, പ്രാദേശിക ശൃംഖലകളുമായുള്ള ബന്ധം എന്നിവയാണ് ഇവരെ ആകർഷകമാക്കുന്ന ഘടകങ്ങൾ. 2024-ൽ രാജ്യത്തെ തൊഴിൽ ശക്തി 9 ശതമാനവും പുതിയ കമ്പനികളുടെ എണ്ണം 14.5 ശതമാനവും വർദ്ധിച്ചുവെന്ന് മൈക്കൽ പേജിലെ യുഎഇ റീജിയണൽ ഡയറക്ടർ ജോൺ ഈഡ് പറഞ്ഞു. യുഎഇയുടെ തന്ത്രപരമായ നടപടികളുടെ വിജയമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും ബിസിനസുകളും തൊഴിലാളികളും ഒരുപോലെ യുഎഇയെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിനാൻസ് മേഖലയിൽ, DFSA, FSRA അംഗീകാരമുള്ള പ്രൊഫഷണലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. “മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും കമ്പനികൾ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ജോൺ ഈഡ് വ്യക്തമാക്കി. “മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്ന ബിസിനസുകളായിരിക്കും വിജയിക്കുക. ഡാറ്റ അടിസ്ഥാനമാക്കിയുള്ള ശമ്പള മാനദണ്ഡങ്ങൾ ഉപയോഗിക്കുന്ന തൊഴിലുടമകൾ ദീർഘകാല വിജയം സ്വന്തമാക്കുമെന്നും ജോൺ ഈഡ് കൂട്ടിച്ചേർത്തു. സീനിയർ മാനേജ്മെൻറ് റോളിലുള്ള വ്യക്തികൾക്ക് ആകർഷകമായ ശമ്പളമാണ് യുഎഇയിൽ ലഭിക്കുന്നത്. ഉദാഹരണത്തിന് ഹോൾസെയിൽ ബാങ്കിംഗ് മേധാവികൾക്ക് പ്രതിമാസം ശരാശരി 100,000 ദിർഹവും സീനിയർ റിലേഷൻഷിപ്പ് മാനേജർമാർക്ക് 37,000 ദിർഹവും ശമ്പളം ലഭിക്കുന്നുണ്ട്. സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും തൊഴിലാളികൾക്ക് സ്ഥിരമായ വളർച്ച നേടാൻ കഴിയുന്നുണ്ട്. ടെക്നോളജി, റിയൽ എസ്റ്റേറ്റ്, എനർജി, ലോജിസ്റ്റിക്സ് എന്നിവയിലെ നിക്ഷേപം വർദ്ധിച്ചതോടെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ആവശ്യകത കൂടി. ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ചീഫ് കൊമേഴ്സ്യൽ ഓഫീസർ, സ്ട്രാറ്റജിക് സെയിൽസ് ഡയറക്ടർ തുടങ്ങിയവയാണ് മേഖലയിലെ പ്രധാന ജോലികൾ. സെയിൽ മേഖലയിൽ കൺട്രി മാനേജർമാർക്ക് ശരാശരി 48,000 ദിർഹവും കീ അക്കൗണ്ട് മാനേജർമാർക്ക് 26,000 ദിർഹവും ശമ്പളമായി ലഭിക്കുന്നുണ്ട്. ചീഫ് മാർക്കറ്റിംഗ് ഓഫീസർമാർക്ക് പ്രതിമാസം ശരാശരി 90,000 വരെ ദിർഹം ലഭിക്കും. ഐടി മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹെഡ് ഓഫ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ഫുൾ-സ്റ്റാക്ക് സോഫ്റ്റ്വെയർ എഞ്ചിനീയർ, അജൈൽ പ്രൊഡക്റ്റ് മാനേജർ, സീനിയർ DevOps എഞ്ചിനീയർ, ഡിജിറ്റൽ അഡോപ്ഷൻ സ്പെഷ്യലിസ്റ്റ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള അഞ്ച് ജോലികൾ. ഡിജിറ്റൽ മാർക്കറ്റിംഗ് മേധാവികൾക്ക് പ്രതിമാസം 35,000 മുതൽ 60,000 ദിർഹം വരെ ശമ്പളമാണ് ലഭിക്കുക. വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം തൊഴിൽ വിപണി നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം, 37% ബിസിനസ് ലീഡേഴ്സ് തങ്ങൾക്ക് ആവശ്യമുള്ള വിദഗ്ധരെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി വെളിപ്പെടുത്തി. ഏകദേശം 30% പേർ തൊഴിലാളികളെ നിലനിർത്തുന്നതിലാണ് പ്രശ്നങ്ങൾ നേരിട്ടത്. തൊഴിലാളികൾ ആവശ്യപ്പെടുന്ന ശമ്പളവുമായി പൊരുത്തപ്പെടാനാകുന്നില്ല എന്നതാണ് വെല്ലുവിളിയായി 48% കമ്പനികളും വെളിപ്പെടുത്തുന്നത്. ആനുകൂല്യങ്ങൾ, കരിയർ വികസനത്തിനുള്ള അവസരങ്ങൾ, മറ്റു ഇൻസെൻറീവുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജ് വഴി കമ്പനികൾക്ക് തൊഴിലാളി ആകർഷിക്കുന്നതിനുള്ള മത്സരത്തിൽ മുന്നിലെത്താൻ കഴിയുമെന്നാണ് ജോൺ ഈഡ് അഭിപ്രായപ്പെടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)