Posted By christymariya Posted On

യുഎഇയിലെ ഫാമിലി വിസ: സ്ത്രീകൾക്ക് എങ്ങനെ ഭർത്താക്കന്മാർക്കും കുട്ടികൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം? വിശദമായി അറിയാം

യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ, കുടുംബത്തെ സ്പോൺസർ ചെയ്യാൻ ഭർത്താവിന് മാത്രമല്ല, ഭാര്യയ്ക്കും കഴിയും. ഭർത്താവിനെയോ കുട്ടികളെയോ സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭാര്യയ്ക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം നടപടിക്രമം ലളിതമാണ്. യുഎഇയിൽ ഭർത്താവിനെയോ കുട്ടികളെയോ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഘട്ടങ്ങളും ആവശ്യകതകളും പ്രധാന മാനദണ്ഡങ്ങളും പരിശോധിക്കാം. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍‍ഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം, ഒരു സ്ത്രീയ്ക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 4,000 ദിർഹമോ 3,500 ദിര്‍ഹമോ കമ്പനി നൽകുന്ന താമസ സൗകര്യമോ നേടിയാൽ അവർക്ക് ഭർത്താവിൻ്റെയും കുട്ടികളുടെയും താമസവിസ സ്പോൺസർ ചെയ്യാം. എന്നിരുന്നാലും, ഒരു സ്ത്രീയുടെ ശമ്പളം ഈ പരിധിക്ക് താഴെയാണെങ്കിൽ, കുടുംബാംഗങ്ങൾക്ക് വിസ നൽകാൻ യോഗ്യതയുണ്ടാകില്ല. ആവശ്യമായ രേഖകള്‍- അപേക്ഷാ ഫോം: ഓൺലൈനായോ രജിസ്റ്റർ ചെയ്ത ടൈപ്പിങ് ഓഫീസ് വഴിയോ പൂരിപ്പിക്കുക. ഓരോ കുടുംബാംഗത്തിനും റസിഡൻസി വിസ അപേക്ഷയ്‌ക്കൊപ്പം എമിറേറ്റ്‌സ് ഐഡി അപേക്ഷാ ഫോമും സമർപ്പിക്കണം. പാസ്‌പോർട്ട് പകർപ്പുകൾ: നിങ്ങളുടെയും കുട്ടികളുടെയും ഭർത്താവിൻ്റെയും ഉൾപ്പെടെ എല്ലാവരുടെയും പാസ്‌പോർട്ട് പകർപ്പുകൾ സമർപ്പിക്കുക. എമിറേറ്റ്സ് ഐഡി: ഭാര്യ യുഎഇ റസിഡൻ്റ് ഐഡി കാർഡിൻ്റെ (എമിറേറ്റ്സ് ഐഡി) ഒരു പകർപ്പ് നൽകണം. മെഡിക്കൽ ക്ലിയറൻസ്: 18 വയസിന് മുകളിലുള്ള ഭർത്താവിൻ്റെയും കുട്ടികളുടെയും മെഡിക്കൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ശമ്പള പ്രസ്താവന: ഭാര്യയുടെ മാസശമ്പളം വ്യക്തമാക്കുന്ന തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റ്. ബാങ്ക് സ്റ്റേറ്റ്മെൻ്റ്: ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റുകൾ ഉണ്ടെങ്കിൽ, അവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിവാഹ സർട്ടിഫിക്കറ്റ്: വിവാഹ സർട്ടിഫിക്കറ്റ് മാതൃരാജ്യത്ത് നോട്ടറൈസ് ചെയ്യുകയോ നിയമവിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. കൂടാതെ, യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിയമവിധേയമാക്കുകയും വേണം. ജനന സർട്ടിഫിക്കറ്റ്: സ്പോൺസർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (അറബിക് പരിഭാഷയും സാക്ഷ്യപ്പെടുത്തിയതും). ഭർത്താവിൽ നിന്നുള്ള എന്‍ഒസി: കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനായി ഭർത്താവിൽനിന്ന് (വിവാഹിതരായ സ്ത്രീകൾക്ക്) സാക്ഷ്യപ്പെടുത്തിയ നോ- ഒബ്ജക്ഷന്‍ കത്ത്. തൊഴിൽ കരാർ: നിങ്ങൾ ജോലിക്കാരനാണെങ്കിൽ, നിങ്ങളുടെ തൊഴിൽ കരാറിൻ്റെ ഒരു പകർപ്പ് നൽകണം. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. നിങ്ങൾ ഒരു ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കിൽ, തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റ് മതിയാകും. വാടക കരാറും ഇജാരിയും: വാടക കരാറിൻ്റെ ഒരു പകർപ്പും നിങ്ങൾക്ക് സാധുവായ വാടക കരാറുണ്ടെന്ന് തെളിയിക്കുന്ന ഇജാരി സർട്ടിഫിക്കറ്റും കാണിക്കേണ്ടതുണ്ട്. പാസ്‌പോർട്ട് ഫോട്ടോകൾ: അവസാനമായി, ഭർത്താവിൻ്റെയും കുട്ടികളുടെയും മൂന്ന് പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോകൾ നൽകേണ്ടതുണ്ട്. ഫ്രീ സോണുകൾ: ഒരു ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ചില ഡോക്യുമെൻ്റുകളും ആവശ്യകതകളും, പ്രത്യേകിച്ച് തൊഴിൽ കരാറുകളുമായോ ശമ്പള സർട്ടിഫിക്കറ്റുകളുമായോ ബന്ധപ്പെട്ട് ചെറിയ വ്യത്യാസമുണ്ടാകാം. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം- സബ്മിറ്റ് ആപ്ലിക്കേഷന്‍: ഭർത്താവിൻ്റെയോ കുട്ടികളുടെയോ താമസസ്ഥലത്തിനായുള്ള അപേക്ഷ സാധാരണയായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിലോ (ജിഡിആര്‍എഫ്എ) അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന എമിറേറ്റിലെ ഐസിപി അല്ലെങ്കിൽ ബന്ധപ്പെട്ട ഇമിഗ്രേഷൻ ഓഫീസിലോ സമർപ്പിക്കും. എമിറേറ്റിൻ്റെ നിയമങ്ങൾക്കനുസരിച്ച് രേഖകൾ നേരിട്ടോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ഓൺലൈനായോ സമർപ്പിക്കാം. റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാൻ അപേക്ഷകർക്ക് അടുത്തുള്ള അമർ സെൻ്ററോ ടൈപ്പിങ് സെൻ്ററുകളോ സന്ദർശിക്കാം. മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, എമിറേറ്റ്സ് ഐഡി, വിസ സ്റ്റാംപിങ്, റെസിഡന്‍സ് വിസ ഇഷ്യുന്‍സ് എന്നിവയും വേണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *