
യുഎഇയിൽ റോഡപകട മരണം വർധിക്കുന്നു; 2024ൽ പൊലിഞ്ഞത് 384 ജീവൻ
യു.എ.ഇയിൽ കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി റോഡപകട മരണത്തിൽ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം റോഡിൽ പൊലിഞ്ഞത് 384 ജീവൻ. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് മരണ സംഖ്യയിൽ ഒമ്പത് ശതമാനം വർധന. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയമാണ് റോഡപകട മരണങ്ങളുടെ സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടത്. 2023ൽ വിവിധ ഇടങ്ങളിലായി നടന്ന റോഡപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 352 ആയിരുന്നു.ഈ വർഷം മരണം 384 ആയി വർധിച്ചു. അതായത് 2023നെ അപേക്ഷിച്ച് 32 മരണങ്ങൾ കൂടി. 2022ൽ മരണസംഖ്യ 343 ആയിരുന്നു. ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ 12 ശതമാനമാണ് വർധനയെന്നും സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. മരണത്തിൽ ദുബൈ എമിറേറ്റാണ് മുന്നിൽ. 158 മരണം. 123 മരണങ്ങളുമായി അബൂദബി എമിറേറ്റാണ് തൊട്ടുപിറകിൽ. 2024ൽ 4,784 വലിയ അപകടങ്ങളാണ് സംഭവിച്ചത്. റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 8.33 ശതമാനം വർധിച്ച് ഈ വർഷം 6,032 ആയി ഉയർന്നിട്ടുണ്ട്.പരിക്കേറ്റവരുടെ എണ്ണം 2023ൽ 5,568 ആയിരുന്നു. തൊട്ടുമുമ്പുള്ള വർഷം പരിക്കേറ്റത് 5,045 പേർക്കാണ്. ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 19.56 ശതമാനമാണ് വർധന. വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിലുമാണ് ഏറ്റവും കൂടുതൽ അപകടം സംഭവിച്ചത്. ഉപയോഗിക്കുന്ന വാഹനത്തിൻറെ കാര്യത്തിൽ ഏറ്റവും മോശം ഡ്രൈവിങ് മോട്ടോർ സൈക്കിൾ റൈഡർമാരാണ്. കഴിഞ്ഞ വർഷം നടന്ന മരണങ്ങളിൽ 67ഉം സംഭവിച്ചത് ബൈക്ക് യാത്രികർക്കാണ്. ആകെ മരണങ്ങളിൽ അഞ്ചു ശതമാനം ഇ-സ്കൂട്ടർ ഉപഭോക്താക്കളാണ്. 2023ൽ ഇത് നാലു ശതമാനമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.അശ്രദ്ധമായ ഡ്രൈവിങ്, നിയമപരമല്ലാത്ത ഓവർടേക്കിങ്, വാഹനങ്ങളുടെ പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ലൈൻ മാറ്റം തുടങ്ങിയ അഞ്ച് നിയമലംഘനങ്ങളാണ് പ്രധാനമായും അപകടങ്ങൾക്കുള്ള കാരണം. 2024ൽ 3,83,086 ലൈസൻസുകളാണ് ആർ.ടി.എ പുതുതായി അനുവദിച്ചത്. ഇതുവഴി കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)