
ആഭരണ കടയിൽ വ്യാജ ഫാൻസി ബ്രേസ്‌ലെറ്റുകൾ വിറ്റു പ്രവാസിക്ക് 90,000 ദിർഹം പിഴ
ദുബായ് ∙ ആഡംബര ആഭരണങ്ങൾ വിൽക്കുന്ന കടകൾക്ക് വ്യാജ ഫാൻസി ബ്രേസ്‌ലെറ്റുകൾ വിറ്റ ഏഷ്യക്കാരനെതിരെ ദുബായ് കൊമേഴ്‌സ്യൽ കോടതി 90,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഉയർന്ന നിലവാരമുള്ള യഥാർഥ ആഭരണങ്ങൾ എന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ വ്യാജ ഫാൻസി ബ്രേസ് ലെറ്റുകൾ വിറ്റത്. കഴിഞ്ഞ വർഷം തട്ടിപ്പുകാരൻ നായിഫ് ബ്രാഞ്ചിലെ റീട്ടെയിലറെ സമീപിച്ച് മൂന്ന് പ്രീമിയം ബ്രാൻഡ് ബ്രേസ്‌ലെറ്റുകൾ ആകെ 1,25,000 ദിർഹത്തിന് വിൽക്കുകയായിരുന്നു. പിന്നീട് ഇൌ രംഗത്തെ വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ബ്രേസ് ലെറ്റുകൾ വ്യാജമാണെന്നും 35,000 ദിർഹം മാത്രമേ വിലമതിക്കുകയുള്ളൂ എന്നും മനസിലായത്.
ഒരു ബ്രേസ്‌ലെറ്റിൽ വ്യാജ ഹാൾമാർക്ക് ഉണ്ടായിരുന്നതായി ഫോറൻസിക് റിപ്പോർട്ട് വെളിപ്പെടുത്തി. 18 കാരറ്റ് സ്വർണം 41 ഗ്രാം അടിസ്ഥാനമാക്കിയപ്പോൾ അതിന്റെ യഥാർഥ മൂല്യം 15,000 ദിർഹം മാത്രമാണെന്നും കണക്കാക്കുന്നു. വിൽപനക്കാരൻ തെറ്റായി അവകാശപ്പെട്ട ആഡംബര ബ്രാൻഡുകളുമായി ബന്ധമില്ലാത്ത അനുകരണങ്ങളാണെന്നും സ്ഥിരീകരിച്ചു.
ഫോറൻസിക് ലബോറട്ടറി വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി വാണിജ്യ തട്ടിപ്പ് നടത്തിയെന്നും ചില്ലറ വ്യാപാരിയെ തെറ്റിദ്ധരിപ്പിച്ചതായും സാമ്പത്തിക നഷ്ടം വരുത്തിയതായും കോടതി വിധിച്ചു. തട്ടിപ്പുകാരൻ തന്റെ ഇരയ്ക്ക് 90,000 ദിർഹം കൂടി തിരിച്ചടയ്ക്കണമെന്നും മുഴുവൻ പണവും അടയ്ക്കുന്നതുവരെ 5 ശതമാനം പലിശയും നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ആഡംബര വിപണിയിലെ തട്ടിപ്പുകൾക്കെതിരായ ദുബായിയുടെ ഉറച്ച നിലപാട് ഈ വിധി എടുത്തുകാണിക്കുന്നുവെന്ന് നിയമ വിദഗ്ധർ പറയുന്നു. ഉപയോക്തൃ സംരക്ഷണത്തിലും ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിലും ദുബായ് ഖ്യാതിയുള്ള നഗരമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)