
ഡബ്ൾ സ്മാർട്ടാണ് ഖത്തര് വിമാനത്താവളത്തിലെ ഡ്രൈവറില്ലാ വാഹനങ്ങൾ
ദോഹ: സാങ്കേതിക കുതിപ്പിൽ മേഖലയിലെതന്നെ മറ്റു വിമാനത്താവളങ്ങൾക്ക് മാതൃകയാണ് ഖത്തറിന്റെ ആകാശകവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അതിൽ ഏറ്റവും നൂതനമായതാണ് ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനം.
ഖത്തർ ഏവിയേഷൻ സർവിസസ്, എയർപോർട്ട് ഓപറേഷൻ ആൻഡ് മാനേജ്മെന്റ് കമ്പനിയായ മതാർ, ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് (ക്യു.എസ്.ടി.പി) എന്നിവയുമായി സഹകരിച്ചാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും നൂതനമായ ഓട്ടോണമസ് ബസും ഓട്ടോണമസ് ബാഗേജ് ട്രാക്ടറും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചത്. മേഖലയിൽതന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഈ വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനത്തെ തടസ്സപ്പെടുത്തുന്ന മണൽക്കാറ്റ് പോലുള്ള പ്രതികൂല കാലാവസ്ഥയെ റഡാർ, ഒപ്റ്റികൽ സിസ്റ്റം തുടങ്ങിയ സേവനങ്ങളിലൂടെ മറികടക്കാൻ ശേഷിയുണ്ടെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ‘ഐ ഓഫ് ദി പേൾ’ പോലുള്ള പദ്ധതിയിലാണ് കാലാവസ്ഥ വെല്ലുവിളികളെ മറികടക്കുന്നതിനായി സ്വീകരിച്ചത്. ക്യു.എസ്.ടി.പിക്ക് കീഴിലെ യു.ഐ.എസ്.ഇ.ഇ കമ്പനിയാണ് ഹമദ് വിമാനത്താവളത്തിലെ ഡ്രൈവറില്ലാ വാഹനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
വർഷത്തിൽ ആറ് തവണയെങ്കിലും ശക്തമായ മണൽക്കാറ്റ് ഭീഷണി നേരിടുമെന്നാണ് കണക്കാക്കുന്നത്. പരമ്പരാഗത ഓട്ടോണമസ് സാങ്കേതികവിദ്യകൾക്ക് ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയില്ല. ഇത്തരം സാഹചര്യത്തിലാണ് പ്രതിരോധശേഷി വർധിപ്പിക്കുന്ന ‘ഐ ഓഫ് ദി പേൾ പ്രോജക്ട്’ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാധാരണ വാഹനങ്ങളെക്കാൾ പത്തിരട്ടി സുരക്ഷയാണ് നിർമിതബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് യു.ഐ.എസ്.ഇ.ഇ സി.ഇ.ഒ ഗാൻഷ വു പറഞ്ഞു.
ഗതാഗത നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയിൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ഗാൻഷ വു കൂട്ടിച്ചേർത്തു. നിലവിൽ വിമാനത്താവളത്തിൽ രണ്ട് ഡ്രൈവറില്ലാ വാഹനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. ലഗേജ് ട്രാക്ടർ, യാത്രക്കാർക്കായുള്ള ബസ് എന്നിവയാണവ. ഐ.ഓഫ് ദി പേൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ രണ്ടും പൂർണമായും സ്വയം പ്രവർത്തിക്കാൻ സാധിക്കും.
ജി.പി.എസ്, എ.ഐ-ഡ്രൈവൺ സിസ്റ്റങ്ങൾ, ഇന്റലിജന്റ് സെൻസറുകൾ, ലിഡാർ തുടങ്ങി നൂതന സാങ്കേതികവിദ്യകൾകൊണ്ട് സജ്ജമാക്കിയ വാഹനങ്ങളുടെ പ്രവർത്തന സുരക്ഷയും കാര്യക്ഷമതയും ഇതിലൂടെ ഉറപ്പാക്കും.
ഏത് കാലാവസ്ഥയിലും മുഴുസമയം പ്രവർത്തിക്കാനുള്ള ശേഷി, നിരീക്ഷണം, സ്വയം പ്രവർത്തിക്കുന്ന ചാർജിങ് സംവിധാനം എന്നിവ ഈ വാഹനങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു. സ്മാർട്ട് മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി ക്യു.എസ്.ടി.പിയിൽ വികസിപ്പിച്ചെടുത്ത ലെവൽ നാല് ഓട്ടോണമസ് വാഹനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടത്തിലുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)