Posted By christymariya Posted On

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി ഖത്തര്‍

ദോഹ: സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി ഖത്തര്‍. ഖത്തറിന്റെ വികസന നയത്തിലുള്ള സമഗ്ര മാറ്റത്തിന്റെ സൂചനയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കുവെച്ചത്. വിവിധ സേവന മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും മന്ത്രാലയങ്ങളുമായും അടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതൊക്കെ മേഖലയില്‍ നിന്നാണ് സര്‍ക്കാര്‍ പിന്മാറി പകരം സ്വകാര്യമേഖലയ്ക്ക് അവസരം നല്‍കാനാവുക എന്നതാണ് പരിശോധിക്കുന്നത്. ഖത്തര്‍ ഒരു ചെറിയ രാജ്യമാണ്. സര്‍ക്കാരും പൗരന്മാരും സ്വകാര്യമേഖലയും ഒരേലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്തുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ ഖത്തരി കമ്പനികള്‍ക്കാവണം. കയറ്റുമതി വര്‍ധിക്കണം. ഖത്തര്‍ എയര്‍വേസും ഒരിഡോയും ഖത്തര്‍ എനര്‍ജിയും ഉദാഹരണമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മേഖലയില്‍ ബിഒടി മാതൃക പരീക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ പറഞ്ഞു. രണ്ട് വര്‍ഷത്തിനകം അഷ്ഗാല്‍ 8100 കോടി ഖത്തര്‍ റിയാലിന്റെ കരാറുകള്‍ നല്‍കും. ഇതില്‍ ബിഒടി മാതൃക പരീക്ഷിക്കും. സ്വകാര്യഭൂമിയില്‍ ഉള്‍പ്പെടെ ബിഒടി അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *