
ഈദ് മധുരം വിളമ്പി സൂഖ്; ഈദ് ഫവാല ഫെസ്റ്റിൽ തിരക്കേറുന്നു
ദോഹ: റമദാനിലെ വ്രതദിനങ്ങൾ പരിസമാപ്തിയോടടുക്കവെ പെരുന്നാൾ മധുരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാട്. പുത്തനുടുപ്പുകൾ തേടിയും വിഭവങ്ങളൊരുക്കാനും ആഘോഷം സംഘടിപ്പിക്കാനും എല്ലാവരും ഓടിത്തുടങ്ങുമ്പോൾ സുഖ് വാഖിഫിൽ മധുരമേളയും സജീവം. മാർച്ച് 29 വരെ നീണ്ടുനിൽക്കുന്ന പ്രഥമ ഈദ് ഫവാല മേളയിൽ സന്ദർശകത്തിരക്കുമേറെ. മധുരങ്ങളുടെ മഹാമേളയാണ് സൂഖിലെ ഈദ് ഫവാല. പ്രാദേശികതയും അന്താരാഷ്ട്രതലത്തിലുള്ളതുമായി 40ഓളം കമ്പനികൾ അണിനിരക്കുന്ന മേളയിൽ രുചിയുടെ വൈവിധ്യവുമേറെ.
പെരുന്നാൾ ഉൾപ്പെടെ ആഘോഷ വേളകളിൽ മധുരം നൽകി സന്ദർശകരെ സ്വീകരിക്കുകയെന്നത് അറബ് പാരമ്പര്യം കൂടിയാണ്. വീടുകളിലും മജ് ലിസിലുമെത്തുന്ന കുട്ടികളെയും മുതിർന്നവരെയും മധുരം നൽകി വരവേൽക്കുന്നവർ പെരുന്നാളിനായി മധുരം വാങ്ങിക്കൂട്ടാൻ കൂടിയാണ് സൂഖിലേക്ക് ഇപ്പോൾ ഓടിയെത്തുന്നത്.
ഈദിന് വിളമ്പുന്ന പരമ്പരാഗത മധുരപലഹാരങ്ങൾ, പരിപ്പുവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയുമാണ് ഈദ് ഫവാലയിലുള്ളത്. ദിവസവും രാത്രി 7.30 മുതൽ രാത്രി 11.30 വരെയാണ് പ്രദർശനവും വിൽപനയും. യമൻ, കിർഗിസ്താൻ, ഫലസ്തീൻ, ഇറാൻ, മൊറോക്കോ എന്നിവിടങ്ങളിൽനിന്നുള്ള വിവിധതരം മധുരപലഹാരങ്ങൾക്കാണ് പ്രദർശനത്തിൽ ഏറെ പ്രിയം. മധുരത്തിനൊപ്പം ഈത്തപ്പഴം, തേൻ എന്നിവയുമുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)