
FCP യും CAPCUT ഉം വേണ്ട, ഇനി നേരിട്ട് റീലുകൾ എഡിറ്റ് ചെയ്യാം; പുതിയ എഡിറ്റ് ആപ്പുമായി ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.
പലപ്പോഴും റീലുകൾ നിർമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് ഈ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുമെന്നതാണ്. എഫ്‌സിപി, കാപ് കട്ട്, വിഡ്‌മേറ്റ് തുടങ്ങി നിരവധി അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആപ്പുകളും പണമടച്ച് ഉപയോഗിക്കേണ്ട പ്രീമിയം ഫീച്ചറുകളാണ് പ്രൊവൈഡ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകൾ എഡിറ്റ് ചെയ്യുന്നതിനായി പുതിയ ആപ് തന്നെ നിർമിച്ചിരിക്കുകയാണ് മെറ്റ. നിലവിൽ റീലുകൾക്കായി ഇൻസ്റ്റാഗ്രാം ബിൽറ്റ്-ഇൻ എഡിറ്റിംഗ് സവിശേഷതകൾ ഫീച്ചറുകൾ ഉണ്ടെങ്കിലും ഇതിൽ അധികം ഓപ്ഷനുകൾ ഉണ്ടാവാറില്ല.
ഇപ്പോഴിതാ ഈ പോരായ്മ നികത്താനായിട്ടാണ് എഡിറ്റ്‌സ് എന്ന പേരിൽ പുതിയ ആപ്പ് തന്നെ ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്. എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അപ്പ് നിർദ്ദേശിക്കും. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.
ക്ലിപ്പുകൾ ട്രിം ചെയ്യുന്നതിനും, വോളിയം ക്രമീകരിക്കുന്നതിനും, വീഡിയോയുടെ വേഗത മാറ്റുന്നതിനുമുള്ള ഓപ്ഷനുകൾ പുതിയ ആപ്പിൽ ലഭ്യമാണ്. വീഡിയോകളുടെ കളർ ഗ്രേഡിങും ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം പ്രീസെറ്റുകൾ ഉൾപ്പെടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വീഡിയോയിൽ നിന്ന് ഓഡിയോ ക്ലിപ്പുകൾ എക്സ്ട്രാക്റ്റുചെയ്യാനും ആവശ്യാനുസരണം അവ എഡിറ്റുചെയ്യാനോ ഒഴിവാക്കാനോ സാധിക്കും. ഇതിന് പുറമെ മെറ്റ എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഇതിലൂടെ മാസ്‌കിങ് അടക്കമുള്ള എഡിറ്റിങ് സങ്കീർണതകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.
Comments (0)