സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്
ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകർ അറിയിച്ചത്. ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പിബി). ഒരു പെറ്റാബിറ്റ് (1 പിബി) 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. പുതിയ ഇന്റർനെറ്റ് വേഗം ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിലെ നിലവിലുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളേക്കാളും 100,000 മടങ്ങ് വേഗമുള്ളതാണ്.
സെക്കൻഡിൽ 1 പെറ്റാബിറ്റ് ഇന്റർനെറ്റ് വേഗം ഉപയോഗിച്ച് ലോകത്തിന് എന്ത് ചെയ്യാൻ കഴിയും? 8കെ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകൾ സെക്കൻഡിൽ ഒരേസമയം പ്രവർത്തിപ്പിക്കാം. നിലവിൽ തത്സമയ വിഡിയോ പ്രക്ഷേപണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാൻ പുതിയ ഇന്റർനെറ്റ് വേഗത്തിന് സാധിക്കും. ഇത് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും തത്സമയ കവറേജ് ഫലത്തിൽ യാതൊരു വീഴ്ചയും കൂടാതെ എളുപ്പത്തിൽ ലഭ്യമാക്കാനാകും.
1.02 പിബി ഡേറ്റ ഓരോ സെക്കൻഡിലും 51.499 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. താമസിയാതെ ഓരോ സെക്കൻഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഈ സാങ്കേതികവിദ്യ ഉടനടി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പിബി വേഗത്തിൽ ഡേറ്റ കൈമാറാൻ ഞങ്ങൾക്ക് ഒരു സാധാരണ ഒപ്റ്റിക് ഫൈബർ കേബിൾ മാത്രമാണ് ആവശ്യമുള്ളതെന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ലഭ്യമായതുമാണെന്നും ഗവേഷകർ പറഞ്ഞു. പെറ്റാബിറ്റ് ഇന്റർനെറ്റ് ശേഷി ഹോം റൗട്ടറുകളിൽ വരുന്നത് വൈകുമെങ്കിലും 10 ജിബിപിഎസ് വേഗം സമീപഭാവിയിൽ തന്നെ യാഥാർഥ്യമായേക്കാം. 2022 ഫെബ്രുവരിയിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുൻപ് 10 ജിബിപിഎസ് ഇന്റർനെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നൊവേഷൻ ലാബ് അവകാശപ്പെട്ടിരുന്നു. ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ് വരെ വേഗം കൈവരിച്ചതായി കേബിൾ ലാബ്സ് ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു.
Comments (0)