ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?
ബിഎംഡബ്ലിയു കാറുകളുടെ സോഫ്ട്‍വെയറുകളിൽ ഇനി മലയാളി സ്പർശം എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‍വെയറുകൾ നിർമിക്കാനാണ് കേരളത്തിൽ നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനി ആക്സിയ ടെക്നോളജീസിനു അവസരം ലഭിച്ചിരിക്കുന്നത്. നാവിഗേഷൻ സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി ചേർന്നായിരിക്കും അക്സിയയുടെ പ്രവർത്തനം.
അതെ സമയം വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യുമെന്നുമാണ് റിപ്പോർട്.
രാജ്യാന്തര തലത്തിൽ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ്, ആസ്പൈസ് ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.
നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ. ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ആക്സിയയുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാർമിൻ ഓട്ടോമൊട്ടീവ് ഒഇഎം എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്കു ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)