ബീച്ചിൽ നീന്താൻ പോയ തക്കം നോക്കി ദമ്പതികളുടെ ബാഗിൽ നിന്നും പണവും ഫോണുകളും മോഷ്ടിച്ച രണ്ട് പേർ ദുബായിൽ പിടിയിലായി
ദുബായ്: ദുബായ് കടൽത്തീരത്ത് നീന്താൻ പോയ ദമ്പതികളുടെ ബാഗിൽ നിന്നും പണവും ഫോണുകളും മോഷ്ടിച്ച അറബ് വംശജരായ രണ്ട് പേരെ പിടികൂടി. ദുബായ് ജെബിആറിലാണ് സംഭവം. ഇവരെ ദുബായ് ക്രിമിനൽ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു, ശേഷം നാടുകടത്തും. നീന്താൻ പോകുമ്പോൾ ദമ്പതികൾ പുറത്ത് വെച്ച വാലറ്റുകളും ഹാൻഡ്ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉൾപ്പെടെ നിരവധി വസ്തുക്കളാണ് രണ്ട് പ്രതികൾ മോഷ്ടിച്ചത്. പ്രതിശ്രുത വധുവിനൊപ്പം നീന്താൻ പോയ യൂറോപ്യൻ യുവാവിന്റെ ബാഗാണ് ഇവർ മോഷ്ടിച്ചതെന്നാണ് കേസ്. നീന്തൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബാഗ് കണ്ടെത്താനായില്ല. മൂന്ന് ഫോണുകൾ, ഒരു വാലറ്റ്, രണ്ട് പാസ്പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ഒരു കാറിന്റെ താക്കോൽ, വസ്ത്രങ്ങൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. പിടിക്കപ്പെട്ട രണ്ട് പ്രതികൾ തൊഴിൽ രഹിതരുമാണെന്ന് കോടതി വ്യക്തമാക്കി. അവർ ഒരുമിച്ച് യുഎഇയിൽ എത്തി, ജോലി അന്വേഷിച്ച്, അതാത് ജോലികൾ ഒരേ സമയം ഉപേക്ഷിച്ചു, തുടർന്ന് കുറ്റകൃത്യങ്ങൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് ഫോണുകൾ, ഏകദേശം 4,850 ദിർഹം വിലയുള്ള പണമുള്ള ഒരു വാലറ്റ്, ഒരു ഇലക്ട്രോണിക് സ്മോക്കിംഗ് ഉപകരണം എന്നിവ പ്രതികളിൽ നിന്നും വീണ്ടെടുത്തു, കറുത്ത ബാക്ക്പാക്ക് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ സ്ഥലം വിടുകയായിരുന്നു. കൂടുതൽ മോഷണങ്ങളിലും മറ്റ് നിരവധി കുറ്റകൃത്യങ്ങളിലും ഇതേ രീതികൾ ഉപയോഗിച്ചതായും പ്രതികൾ സമ്മതിച്ചു. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് കൂടുതൽ മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തി.
Comments (0)