അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ ശ്രദ്ധക്ക്, പിൻ മാറ്റി
സുരക്ഷിതരാകാം, വിദേശ ഇടപാടുകൾ ശ്രദ്ധിച്ച്; മുന്നറിയിപ്പുമായി അധികൃതർ
ദുബായ്∙ അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ ശ്രദ്ധക്ക്, കാർഡ് പേയ്മെന്റോ ഓൺലൈൻ പർച്ചേസോ നടത്തിയെങ്കിൽ അടിയന്തരമായി നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ പിൻ നമ്പർ മാറ്റാൻ നിർദേശം. ഓൺലൈൻ ബാങ്കിങ്ങിന്റെ പാസ്‌വേഡും മാറ്റണം. രാജ്യത്തിനു പുറത്ത് അവധി ആഘോഷിക്കുമ്പോൾ കൂടുതൽ പേയ്മെന്റുകളും കാർഡു വഴിയാണ് നടത്തുക. മുൻപരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ നടത്തുന്ന ഇത്തരം പണമിടപാടുകളിൽ ഏതെങ്കിലും ഒന്നു പാളിയാൽ അക്കൗണ്ടിലെ പണം നഷ്ടമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ് കഴിവതും കുറഞ്ഞ പരിധിയുള്ളതാവുന്നതാണ് നല്ലത്. വിദേശങ്ങളിൽ കടകളിലോ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലോ ഡെബിറ്റ് കാർഡ് ഉപയോഗിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിശ്ചിത ഇടവേളകളിൽ ഇന്റർനെറ്റ് ബാങ്കിന്റെയും ക്രെഡിറ്റ് കാർഡിന്റെയും പാസ്‌വേഡ് മാറ്റണം.
പണമിടപാട് സുരക്ഷിതമാക്കാൻ പൊലീസ് നൽകുന്ന നിർദേശങ്ങൾ:
∙ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പിൻ നമ്പർ ആരുമായും പങ്കുവയ്ക്കരുത്.
∙ പിൻ നമ്പരുകളും പാസ്‌വേർഡുകളും അടിക്കടി മാറ്റുക. പ്രത്യേകിച്ചു യാത്രകൾ കഴിഞ്ഞു വരുമ്പോൾ.
∙ ഔദ്യോഗികവും ആവശ്യങ്ങൾക്കും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്കും മാത്രം കാർഡ്, ഓൺലൈൻ പേയ്മെന്റ് ഉപയോഗിക്കുക.
∙ ഓൺലൈൻ ഷോപ്പിങ്ങിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പരിധി പരമാവധി കുറയ്ക്കുക.
∙ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടു സംശയകരമായ എന്തു കണ്ടാലും അടിയന്തരമായി ബാങ്കുമായി ബന്ധപ്പെടുക.
∙ ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും വരുന്ന അനാവശ്യ ലിങ്കുകളിൽ കയറാതിരിക്കുക. സാമ്പത്തിക ഇടപാട്, സമ്മാനം തുടങ്ങിയ കാര്യങ്ങൾക്ക് ഇത്തരം ലിങ്കുകൾ ഉപയോഗിക്കാതിരിക്കുക.
∙ സ്വകാര്യ ബാങ്ക് വിവരങ്ങൾ വിശ്വസനീയമല്ലാത്ത ഒരു വെബ്സൈറ്റിലും നൽകരുത്.
∙ എളുപ്പം കണ്ടെത്താൻ കഴിയുന്ന പാസ്‌വേഡുകൾ ഉപയോഗിക്കരുത്.
പാസ്‌വേഡുകളിൽ ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കങ്ങളും സ്പെഷൽ ക്യാരക്റ്ററും നൽകി കഴിവതും സങ്കീർണമാക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)